അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. അർജുൻ രജ്പുതിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 209 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഹംസ സഹൂറിന്റെ അപരാജിത സെഞ്ചുറിയാണ് പാകിസ്ഥാന് ത്രില്ലർ ജയം സമ്മാനിച്ചത്.

അല്‍ അമീറാത്ത്: അണ്ടര്‍ 19 ഏഷ്യ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 48.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഏഴാമനായി ഇറങ്ങി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹംസ സഹൂറിന്റെ (108 പന്തില്‍ പുറത്താവാതെ 100) മികവിലാണ് പാകിസ്ഥാന്‍ ത്രില്ലര്‍ ജയം സന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി മനല്‍ ചൗഹാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ അര്‍ജുന്‍ രജ്പുതിന്റെ (85 പന്തില്‍ 107) സെഞ്ചുറി കരുത്തിലാണ് മാന്യമായ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ 61 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ പതറിയ പാകിസ്ഥാനെ ഹംസ സറൂറിന്റെ പോരാട്ടവീര്യമാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചതും വിജയത്തിലെത്തിച്ചതും. ഹസ്‌നൈന്‍ അബ്ബാസ് ദര്‍ (38), സഹൂറിന് വലിയ പിന്തുണ നല്‍കി. ഇരുവരും നേടിയ 107 റണ്‍സാണ് മത്സരത്തില്‍ നിര്‍ണായകമായത്. അബ്ദുള്‍ ഖാദിര്‍ (20), ഉസ്മാന്‍ ഖാന്‍ (16) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദ്‌നി (0), ആര്യവീര്‍ സെവാഗ് (22), വി കെ വിനീത് (8), യാഷ്ബര്‍ദ്ധന്‍ ചൗഹാന്‍ (1) എന്നീ നാല് മുന്‍നിര ബാറ്റര്‍മാരെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയ അര്‍ജുന്‍ രാജ്പുത് 85 പന്തില്‍ 11 ഫോറുകളും 5 സിക്‌സറുകളും അടക്കം 107 റണ്‍സ് നേടി മികച്ച പ്രതിരോധം തീര്‍ത്തു. അന്‍വയ് ദ്രാവിഡ് (10), മനല്‍ ചൗഹാന്‍ (11), യഷ്‌വീര്‍ ഗൗദ് (4) എന്നിവര്‍ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.

അവസാന ഓവറുകളില്‍ കാവ്യ പട്ടേല്‍ (23) നടത്തിയ പോരാട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്. മോഹിത് ഉല്‍വയാണ് (7) പുറത്തായ മറ്റൊരു താരം. ഇഷാന്‍ സൂദും (2) പുറത്താവാതെ നിന്നു. പാകിസ്ഥാനായി പേസര്‍മാരായ അലി റാസ, റിസ്വാനുല്ല, സ്പിന്നര്‍ നിഖാബ് ഷഫീഖ് (3) എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സയാം ഒരു വിക്കറ്റും നേടി. ചൊവ്വാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യ, യുഎഇയെ നേരിടും.

YouTube video player