അണ്ടർ-19 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത് അർജുൻ രജ്‌പുതിൻ്റെ തകർപ്പൻ സെഞ്ചുറിയാണ്.
അൽ അമിറാത്ത്: അണ്ടർ-19 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ ഒറ്റക്ക് കരകയറ്റി തകർപ്പൻ സെഞ്ചുറിയുമായി 19-കാരൻ അർജുൻ രജ്‌പുത്. പാകിസ്ഥാന്‍റെ പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര ബാറ്റർമാരായാ ആര്യവീര്‍ സെവാഗും അന്‍വയ് ദ്രാവിഡും അടക്കമുള്ളവർ മുട്ടുമടക്കിയപ്പോഴാണ് പഞ്ചാബിൽ നിന്നുള്ള ഈ ഓൾ റൗണ്ടർ ഇന്ത്യയുടെ രക്ഷകനായത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42/4 എന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിടുമ്പോഴായിരുന്നു അര്‍ജുൻ അഞ്ചാമനായി ക്രീസിലെത്തിയത്. ബാറ്റിംഗ് തകര്‍ച്ചയുടെ സമ്മർദ്ദത്തിനിടയിലും ആക്രമിച്ചു കളിച്ച അര്‍ജുന്‍ 43 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലെത്താൻ പിന്നീട് വേണ്ടിവന്നത് 37 പന്തുകള്‍ മാത്രമായിരുന്നു. 80 പന്തില്‍ സെഞ്ചുറി തികച്ച അര്‍ജുന്‍ 35ാം ഓവറിലെ രണ്ടാം പന്തില്‍ 85 പന്തില്‍ 107 റണ്‍സെടുത്ത് പുറത്തായി. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അര്‍ജുന്‍റെ ഇന്നിംഗ്സ്.
ആരാണ് അര്‍ജുൻ രജ്‌പുത്
ജലന്ധറിൽ നിന്നുള്ള ഈ 19-കാരന്‍റെ ഇന്ത്യൻ അണ്ടർ-19 ടീമിലേക്കുള്ള വളർച്ച കഠിനാധ്വാനത്തിന്‍റെ കഥയാണ്. ഇടങ്കയ്യൻ മിഡിൽ ഓർഡർ ബാറ്ററും, ആവശ്യമുള്ളപ്പോൾ വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള റൈറ്റ് ആം ഓഫ് സ്പിന്നറുമാണ് അർജുൻ. പഞ്ചാബിന്‍റെ ഏജ്-ഗ്രൂപ്പ് ടൂർണമെന്‍റുകളായ കൂച്ച് ബീഹാർ, വീനു മങ്കാദ് ട്രോഫികളിലെ മികച്ച പ്രകടനമാണ് അർജുനെ ശ്രദ്ധേയനാക്കിയത്. തുടർന്ന് ഷേർ-ഇ-പഞ്ചാബ് ടി20 കപ്പിൽ ലുധിയാന ലയൺസിന് വേണ്ടി മധ്യനിരയിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് (മൊഹാലിക്കെതിരെ 46 പന്തിൽ 78 റൺസ്) സെലക്ടർമാരുടെ കണ്ണിലുടക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഈ വർഷം തുടക്കത്തിൽ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരായ യൂത്ത് ഏകദിന പരമ്പരകളിൽ അർജുൻ തന്‍റെ മികവ് തെളിയിച്ചിരുന്നു. സ്പിന്നർമാർക്കെതിരെ സിംഗിളുകൾ എടുത്തു കളിക്കാനും, അവസാന ഓവറുകളിൽ സ്കോറിംഗ് നിരക്ക് കൂട്ടാനും വലിയ ശേഷിയുള്ള താരമാണ് അർജുൻ. ഇത്തവണത്തെ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ വെറും 8 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ബൗളറെന്ന നിലയിലും അര്‍ജുന്‍ തിളങ്ങി.
അടുത്ത യുവരാജ് സിംഗ്'
പാകിസ്ഥാനെതിരായ ഈ കിടിലൻ ഇന്നിംഗ്സിന് പിന്നാലെ കമന്‍റേറ്റർമാർ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗുമായാണ് അർജുനെ താരതമ്യം ചെയ്തത്. മധ്യ ഓവറുകളിൽ വിശ്വസ്തനായ ബാറ്ററായും, കൂട്ടുകെട്ടുകൾ പൊളിക്കാൻ ശേഷിയുള്ള ഓഫ് സ്പിന്നറായും തിളങ്ങാൻ അര്‍ജുന് കഴിയും. ഓൾ റൗണ്ടർ ആയതിനാല്‍ വരാനിരിക്കുന്ന ഐപിഎൽ ലേലത്തിലും അർജുന് ആവശ്യക്കാരേറെയുണ്ടാകുമെന്നാണ് കരുതുന്നത്.












