അര്‍ഷദീപിന്റെ വരവ് മുംബൈയെ എത്രത്തോളം ശക്തരാക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമെയുള്ളു. മുംബൈ അവരുടെ ഏറ്റവും മികച്ച കാലത്തിലേക്ക് മടങ്ങിപ്പോകൻ ഒരുങ്ങുന്നു
അന്തരീക്ഷത്തില്‍പ്പോലും ക്രിക്കറ്റ് തുടിക്കുന്ന വാംഖഡെ. 2027 ഐപിഎല്‍ സീസണിലെ ആദ്യ മത്സരം. ടോസ് വിജയിച്ച നായകൻ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുന്നു. നീലപുതച്ച ഗ്യാലറിയുടെ ആരവങ്ങള്‍ക്കിടയില്‍ ഗാര്‍വാരെ പവലിയൻ എൻഡില്‍ നിന്ന് അര്‍ഷദീപ് സിങ്, മനോഹരമായൊരു ഇൻസ്വിങ്ങര്‍ ഓഫ് സ്റ്റമ്പിനെ നിലം പതിപ്പിക്കുകയാണ്, ശേഷം ടാറ്റ എൻഡില്‍ നിന്ന് സാക്ഷാല്‍ ജസ്പ്രിത് ബുമ്ര...പീക്ക്...
മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തണമെങ്കില്‍ 16 ഓവറുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് പറയാറുണ്ട്, അവശേഷിക്കുന്ന നാല് ഓവറുകള്‍ ബുമ്രയുടേയതാണ്. ആ പറച്ചിലിന് ഒരുമാറ്റം വരാൻ പോകുന്നു, ഇനി ബുമ്രയുടെ നാല് ഓവറിനൊപ്പം ഒരു സ്പെല്ലുകൂടി അതിജീവിക്കണം, ന്യൂബോളിലും ഡെത്തിലും. യെസ്, വിഖ്യാതമായ ആ ബ്ലൂ ആൻഡ് ഗോള്‍ഡ് ജഴ്സി അര്‍ഷദീപ് സിങ് അണിയാൻ പോകുന്നു...മുംബൈ ഈസ് കുക്കിങ് വെല്‍...
അര്‍ഷദീപിന്റെ വരവ് മുംബൈയെ എത്രത്തോളം ശക്തരാക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമെയുള്ളു. മുംബൈ അവരുടെ ഏറ്റവും മികച്ച കാലത്തിലേക്ക് മടങ്ങിപ്പോകൻ ഒരുങ്ങുന്നു. ഭംഗിവാക്കല്ല ഇത്.
അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിന്റെ ഡൗണ്‍ഫാളിന്റെ കാരണം തേടിപ്പോകുമ്പോള്‍ അത് എത്തി നില്‍ക്കുന്നത് ബൗളിങ് നിരയിലേക്കാണ്. പ്രത്യേകിച്ചും 2021 സീസണിന് ശേഷം, ബുമ്ര-ട്രെന്റ് ബോള്‍ട്ട് ദ്വയം വേര്‍പിരിഞ്ഞതിന് ശേഷം. ഇവിടെ ബോള്‍ട്ടിന് മുൻപും മുംബൈ ഡൊമിനേറ്റ് ചെയ്തിട്ടില്ലേ എന്ന ചോദ്യം ഉയര്‍ന്നേക്കാം, പക്ഷേ ബോള്‍ട്ടിന്റെ പടിയിറക്കത്തിന് പിന്നാലെ ഒരു ക്വാളിറ്റി ലെഫ്റ്റ് ആം പേസറെ മുംബൈക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബോള്‍ട്ടിന് മുൻപ്, മിച്ചല്‍ ജോണ്‍സണും മിച്ചല്‍ മക്‌ലനഗനുമൊക്കെ മുംബൈക്കൊപ്പമുണ്ടായിരുന്നു.
ഇതോടെ ബുമ്രയെന്ന ഒറ്റപ്പേരിലേക്ക് മാത്രം ബൗളിങ് നിര ചുരുങ്ങിയ സീസണുകളായിരുന്നു പിന്നീട് മുംബൈക്കുണ്ടായത്. എന്നാല്‍, 2025 സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ബോള്‍ട്ടിനേയും ഒപ്പം ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ന്യൂ ബോളര്‍മാരിലൊരാളായ ദീപക് ചാഹറിനെയും മുംബൈ നേടുന്നു. ബോള്‍ട്ട് 2025ല്‍ മികവ് പുലര്‍ത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ പൂര്‍ണമായും പരാജയപ്പെട്ടു, ചാഹറിനാകട്ടെ രണ്ട് എഡിഷനിലും ഇംപാക്റ്റുണ്ടാക്കാൻ സാധിച്ചതുമില്ല.
2026ലെ ബോള്‍ട്ടിന്റെ എക്കോണമി 11.6 ആണ്, ചാഹറിന്റേത് 10.4 ഉം. ഇരുവരും കൂടെ നേടിയത് 13 വിക്കറ്റുകളും. ഇവിടേക്കാണ് അര്‍ഷദീപ് എത്തുന്നത്. അന്താരാഷ്ട്ര ടി20യിലെ ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് ടേക്കര്‍, ബുമ്ര കഴിഞ്ഞാല്‍ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഇന്ത്യ പേസറും അര്‍ഷദീപാണ്. എന്നാല്‍, സമീപകാലത്തെ വിക്കറ്റ് ടേക്കറെന്ന നിലയില്‍ അര്‍ഷദീപ് തിളങ്ങുന്നുണ്ടെങ്കിലും ഹൈലി എക്സ്പെൻസീവായാണ് കാണുന്നത്. ദേശീയ കുപ്പായത്തില്‍ ശ്രേയസ് അയ്യറിനും സൂര്യകുമാര്‍ യാദവിനും കീഴില്‍ ഇതായിരുന്നു സ്ഥിതി.
ഐപിഎല്ലിലും വ്യത്യസ്തമായിരുന്നില്ല, 2026ല്‍ 10.21 എക്കോണമിയില്‍ 14 വിക്കറ്റുകള്‍ മാത്രമാണ് നേടാനായതും. പഞ്ചാബിന്റെ ഹോം സ്റ്റേഡിയത്തിലെ വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായതും ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചുകളുടെ എണ്ണം വര്‍ധിച്ചതുമൊക്കെ കാരണമായി ചൂണ്ടിക്കാണിക്കാം. ഇവിടെയാണ് മുംബൈയിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയാൻ പോകുന്നത്. അത് വിക്കറ്റിന്റെ കാര്യത്തില്‍ അല്ല, മറിച്ച് ക്യാപ്റ്റൻസിയുടെ ഇംപാക്റ്റിലാണ്.
രോഹിത് മുംബൈയുടെ നായകനായി മടങ്ങിയെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അര്‍ഷദീപിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ഏറ്റവും മികച്ച കാലഘട്ടം രോഹിതിന് കീഴിലായിരുന്നു. 27 മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകള്‍. എക്കോണമി കേവലം 7.8 മാത്രമാണ്. ഒരു കളിയില്‍ ശരാശരി രണ്ട് വിക്കറ്റോളം വീഴ്ത്താൻ അര്‍ഷദീപിന് സാധിക്കുന്നുണ്ട്. താരത്തിന്റെ മികവും എങ്ങനെ ഉപയോഗിക്കണമെന്നതില്‍ കൃത്യമായ ധാരണ രോഹിതിനുണ്ടായിരുന്നു. 2024 ടി20 ലോകകപ്പ് ഫൈനല്‍ ഉദാഹരണമായി കാണാൻ കഴിയും.
സൂര്യക്ക് കീഴില്‍ 38 മത്സരങ്ങളില്‍ നിന്നാണ് 53 വിക്കറ്റ്, എക്കോണമി ഒൻപതിന് മുകളില്‍. ശ്രേയസിനൊപ്പം 20 ടി20യാണ് ഇതുവരെ കളിച്ചത്, നേടിയതാകട്ടെ 24 വിക്കറ്റും, ഇവിടെയും ഒരു ഓവറില്‍ ഒൻപത് റണ്‍സിന് മുകളില്‍ വിട്ടുനല്‍കുന്നുണ്ട്. രോഹിതിന്റെ കീഴിലെ അര്‍ഷദീപ് ഈസ് സംതിങ് എല്‍സ് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളൊക്കെയും. ബുമ്ര-അര്‍ഷദീപ്. ഇന്ത്യയുടെ ഏറ്റവും മികച്ച ന്യൂബോള്‍, ഡെത്ത് ബൗളര്‍മാര്‍ രോഹിതിന്റെ ക്യാപ്റ്റൻസിയില്‍...
ഹാര്‍ദിക്കിന്റെ പടിയിറക്കം മുംബൈ ഡ്രെസിങ് റൂമിലെ പ്രശ്നങ്ങള്‍ക്കൊക്കെയും പരിഹാരവും കണ്ടെത്താൻ സഹായിച്ചേക്കും, ടോപ് ലെവലിലേക്ക് മടങ്ങിയെത്താനുള്ള ആത്മവിശ്വാസം രോഹിതിന്റെ നേതൃത്വം നല്‍കുമെന്നതില്‍ സംശയമില്ല. കാണാൻ പോകുന്നത് മുംബൈയുടെ കംബാക്ക് തന്നെ...














