ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസ് പരമ്പരയും ഒരേ സമയം നടക്കുന്നതിനാൽ ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്.
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരം നമൻ ധിറിനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് നമൻ ധിറിനെ ഉൾപ്പെടുത്തിയത് ഞെട്ടിക്കുന്ന തീരുമാനമാണെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വിഹാരി വ്യക്തമാക്കി.
ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസ് പരമ്പരയും ഒരേ സമയം നടക്കുന്നതിനാൽ ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ പഞ്ചാബ് ടി20 ലീഗിലെയും മുംബൈ ഇന്ത്യൻസിലെയും മികച്ച ചില പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ, ആഭ്യന്തര ഏകദിന ക്രിക്കറ്റിൽ നമൻ ധിറിന് സ്ഥിരതയാർന്ന കണക്കുകളില്ലെന്ന് വിഹാരി ചൂണ്ടിക്കാട്ടി.
ഏഷ്യൻ ഗെയിംസ് നടക്കുന്നതിനാൽ ഏകദിന ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ട്, അത് മനസ്സിലാക്കാം. എന്നാൽ നമൻ ധിറിനെ എങ്ങനെയാണ് എടുത്തത്?. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം അത്ര തൃപ്തികരമല്ല. പഞ്ചാബ് ലീഗിൽ വലിയൊരു ഇന്നിംഗ്സ് കളിച്ചു, മുംബൈ ഇന്ത്യൻസിനായി ചില മത്സരങ്ങൾ ജയിപ്പിച്ചു എന്നത് ശരിയാണ്. എന്നാൽ പ്രകടനത്തിൽ സ്ഥിരതയില്ലായിരുന്നു. എനിക്കിതിൽ വലിയ സംശയമുണ്ട്, ഇത് ശരിക്കും ഞെട്ടിക്കുന്ന തീരുമാനമാണെന്നും വിഹാരി പറഞ്ഞു. ടോപ്പ് ഓർഡറിൽ പന്തെറിയാൻ ആളില്ലാത്തത് മാത്രമാകാം ധീറിനെ ടീമിലെടുക്കാൻ കാരണം. ധിറിന് ഓഫ് സ്പിൻ എറിയാൻ കഴിയുമെന്നത് അനുകൂല ഘടകമായേക്കാം എന്നും വിഹാരി കൂട്ടിച്ചേർത്തു.
'റുതുരാജിന് നാലാം നമ്പർ നൽകണം; അക്‌സറിനേക്കാൾ മികച്ചത് ജഡേജ'
ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് നാലാം നമ്പറിൽ അവസരം നൽകണമെന്ന് വിഹാരി ആവശ്യപ്പെട്ടു. മുൻപ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത് റുതുരാജ് സെഞ്ചുറി നേടിയിട്ടുള്ള കാര്യം വിഹാരി ഓർമ്മിപ്പിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവിനെയും വിഹാരി സ്വാഗതം ചെയ്തു. ടി20യിൽ അക്‌സർ പട്ടേൽ മികച്ചതാണെങ്കിലും, ഏകദിന ഫോർമാറ്റിലേക്ക് വരുമ്പോൾ ബാറ്റിംഗിലും ബോളിംഗിലും കൂടുതൽ സമയം ലഭിക്കുന്നതിനാൽ അക്‌സറിനേക്കാൾ മികച്ച ഓപ്ഷൻ ജഡേജയാണെന്നും വിഹാരി വിലയിരുത്തി.
