ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച തിരിച്ചുവരവായിരുന്നു യുവ്‍രാജ് സിംഗിന്‍റേത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിർണായക പങ്ക് വഹിച്ച് താരമാണ് യുവ്‍രാജ് സിംഗ്. പന്തും ബാറ്റും കൊണ്ടുള്ള യുവിയുടെ ഓള്‍റൗണ്ട് മികവ് 2007ലെ ട്വന്‍റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീമിന് സ്വപ്ന കിരീടം സമ്മാനിച്ചു. എന്നാല്‍ 2011 ലോകകപ്പിന് പിന്നാലെ അ‍‍ർബുദം സ്ഥിരീകരിക്കപ്പെട്ട താരം അതോടെ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങേണ്ടിവരും എന്ന് കരുതിയവരുണ്ട്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്, തൊട്ടടുത്ത വ‍ർഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി യുവി കായിക ലോകത്തെ ഐതിഹാസിക മടങ്ങിവരവുകളുടെ പട്ടികയിൽ തന്റെ പേരുമെഴുതി. ഈ മടങ്ങിവരവിന് കാരണമായത് വിരാട് കോലി നല്‍കിയ പിന്തുണയാണ് എന്ന് യുവ്‍രാജ് സിംഗ് പറയുന്നു.

കോലിയും ധോണിയും തുണച്ചു 

അർബുദ ബാധിതനായ ശേഷം ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച തിരിച്ചുവരവായിരുന്നു യുവ്‍രാജ് സിംഗിന്‍റേത്. എന്നാല്‍ അർബുദ ചികില്‍സ കഴിഞ്ഞ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുമ്പോള്‍ കസേര ഉറപ്പിക്കാന്‍ പൊരിഞ്ഞ പോരാട്ടം താരത്തിന് നേരിടേണ്ടിവന്നു. ഇതിനിടയിലും വിരാട് കോലിയാണ് ഇന്ത്യന്‍ ടീമിലേക്ക് തനിക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയത് എന്ന് സൂപ്പർ താരം പറയുന്നു. കോലിയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍‌ മടങ്ങിവരാന്‍ കഴിയില്ലായിരുന്നായിരുന്നു എന്നാണ് യുവിയുടെ വാക്കുകള്‍. 

'ഞാന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിരാട് കോലി പിന്തുണച്ചു. കോലി പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് മടങ്ങിവരാന്‍ കഴിയുമായിരുന്നില്ല. ഇതിന് ശേഷം 2019 ഏകദിന ലോകകപ്പിന് മുമ്പ് എം എസ് ധോണി എനിക്ക് കൃത്യമായ മാർഗനിർദേശം തന്നു. സെലക്ടർമാർ താങ്കളെ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന് ധോണി വ്യക്തമാക്കി. ക്രിക്കറ്റ് ഭാവി സംബന്ധിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കിയത് ധോണിയാണ്. എനിക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ധോണി ചെയ്തു. 2011 ലോകകപ്പ് വരെ ധോണിക്ക് എന്നില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. ടീമിലെ നിർണായ താരമാണ് എന്ന് പറയുമായിരുന്നു. എന്നാല്‍ അസുഖബാധിതനായ ശേഷമുള്ള തിരിച്ചുവരവോടെ ക്രിക്കറ്റിലും ടീമിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു' എന്നും യുവി വ്യക്തമാക്കി. 

യുവി വൈറ്റ് ബോള്‍ ഹീറോ

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നർമാരുടെ പട്ടികയിലുള്ള താരമാണ് യുവ്‍രാജ് സിംഗ്. 2000ത്തില്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ച താരം ടീം ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20കളും കളിച്ചു. ഏകദിനത്തില്‍ 8701 റണ്‍സും 111 വിക്കറ്റും ടി20യില്‍ 1177 റണ്‍സും 28 വിക്കറ്റും ടെസ്റ്റില്‍ 1900 റണ്‍സും 9 വിക്കറ്റും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ 17 ശതകങ്ങളുണ്ട്. ഇതിന് പുറമെ ഐപിഎല്ലില്‍ 2750 റണ്‍സും 36 വിക്കറ്റും യുവിയുടെ പേരിലുണ്ട്. 

Read more: തീ തുപ്പും പന്തുകളുമായി ബും ബും ബുമ്ര തിരിച്ചെത്തുന്നു; മടങ്ങിവരവ് ഉടന്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News