ഇന്ത്യൻ ടീമിന്‍റെ സഹ പരിശീലകനാവാന്‍ നെഹ്റയെക്കാള്‍ പറ്റിയ ആളില്ലെന്നും എത്രയും വേഗം ബിസിസിഐ നെഹ്റയെ സമീപിക്കണമെന്നും ഹര്‍ഭജന്‍.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹ പരിശീലക സ്ഥാനത്തു നിന്ന് ഒഴിവാക്കിയ അഭിഷേക് നായര്‍ക്ക് പകരം ഗുജറാത്ത് ടൈറ്റന്‍സ് സഹ പരിശീലകന്‍ ആശിഷ് നെഹ്റയെ ബിസിസിഐ ഇന്ത്യൻ ടീമിന്‍റെ സഹ പരിശീലകനാക്കണമെന്ന് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. 2022 മുതല്‍ ഗുജറാത്തിന്‍റെ സഹപരിശീലക സ്ഥാനത്തുള്ള നെഹ്റക്ക് കീഴില്‍ ടീം ആദ്യ വര്‍ഷം കിരീടം നേടിയപ്പോള്‍ അടുത്ത സീസണില്‍ റണ്ണറപ്പുകളായി. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും ഈ സീസണില്‍ എട്ട് കളികളില്‍ ആറ് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിന് തൊട്ടടുത്താണ്.
ഇന്ത്യൻ ടീമിന്‍റെ സഹ പരിശീലകനാവാന്‍ നെഹ്റയെക്കാള്‍ പറ്റിയ ആളില്ലെന്നും എത്രയും വേഗം ബിസിസിഐ നെഹ്റയെ സമീപിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അവനെക്കാള്‍ മികച്ച പരിശീലകനെ കിട്ടാനില്ല. മികച്ച പരിശീലകനാണ് നെഹ്റ. ബിസിസിഐ നെഹ്റയെ സമീപിച്ച് ഇന്ത്യൻ പരിശീലകനാവാന്‍ താല്‍പര്യമുണ്ടോ എന്ന് ആരായണം. നെഹ്റ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ഇന്ത്യൻ പരിശീലകനായാല്‍ കൂടുതല്‍ സമയം ടീമിനൊുപ്പം ചെലവഴിക്കേണ്ടിവരും. പക്ഷെ ഇന്ത്യക്ക് അവനെക്കാള്‍ മികച്ചൊരു പരിശീലകനെ കിട്ടാനില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് യുട്യൂബ് വീഡിയോയില്‍ ഹര്‍ഭജന്‍ പറഞ്ഞു.
ഗുജറാത്തിന്‍റെ മത്സരങ്ങളിലെല്ലാം ഒരു ഫുട്ബോള്‍ പരിശീലകനെപ്പോലെ ബൗണ്ടറിക്ക് പുറത്ത് ഓടി നടന്ന് ഉപദേശിക്കുന്ന നെഹ്റയെ ആരാധകര്‍ കാണാറുണ്ട്. ഓരോ വര്‍ഷവും ഗുജറാത്ത് ഐപിഎല്ലിനെത്തുന്നത് മികച്ച തയാറെടുപ്പുകളോടെയാണെന്ന് അവരുടെ പ്രകടനം കണ്ടാലറിയാം. ക്രിക്കറ്റില്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ക്ക് ഇടം കൈയന്‍ ബൗളര്‍മാരും വലം കൈയന്‍ ബാറ്റര്‍മാര്‍ക്ക് ഓഫ് സ്പിന്നര്‍മാരും പന്തെറിയുന്നത് അധികം കാണാറില്ല. എന്നാല്‍ ഗുജറാത്ത് ബൗളര്‍മാര്‍ ഇതെല്ലാം ചെയ്യും. അതെല്ലാം മനോഭാവത്തിന്‍റെ മാറ്റം മാത്രമാണ്. അത് നടപ്പാക്കിയത് നെഹ്റയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ലക്നൗവിനെതിരെ അവസാന ഓവറിലെ 2 റൺസ് തോല്‍വി; ഒത്തുകളി ആരോപണത്തില്‍ പ്രതികരിച്ച് രാജസ്ഥാൻ റോയല്‍സ്
ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് കീഴില്‍ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെയും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിനെയും ബിസിസിഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ മോശം പ്രകടനങ്ങളെത്തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യൻ ടീം വിട്ട അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേര്‍ന്നിരുന്നു. അഭിഷേക് നായരെ പുറത്താക്കിയെങ്കിലും ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലിനെയും ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടകിനെയും റിയാന്‍ ടെന്‍ ഡോഷെറ്റെയെയും ബിസിസിഐ നിലനിര്‍ത്തിയിരുന്നു. അഭിഷേക് നായര്‍ക്ക് പകരക്കാരനെ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
