കോലിയുമായി ബാബറിനെ താരതമ്യം ചെയ്യാനുള്ള സമയമായിട്ടില്ല എന്നും ഭാജി വ്യക്തമാക്കി
മുംബൈ: സമകാലിക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്യപ്പെടുന്ന രണ്ട് ബാറ്റര്‍മാരാണ് ഇന്ത്യയുടെ വിരാട് കോലിയും പാകിസ്ഥാന്‍റെ ബാബര്‍ അസമും. ഇതിനകം ഇതിഹാസമായ കോലിക്ക് ഒപ്പമെത്താന്‍ ബാബറിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നാണ് ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗിന്‍റെ നിരീക്ഷണം. കോലിയുമായി ബാബറിനെ താരതമ്യം ചെയ്യാനുള്ള സമയമായിട്ടില്ല എന്നും ഭാജി വ്യക്തമാക്കി.
'വിരാട് കോലി ഇതിനകം മഹാനായ താരമാണ്. എന്നാല്‍ ബാബര്‍ അസം ഏറെ തെളിയിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം ബാബര്‍ അതിലേക്ക് എത്തുമായിരിക്കും, കാരണം അയാള്‍ മികച്ചൊരു താരമാണ്. ബാബര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്ററാണ്. എന്നാല്‍ ചിലപ്പോള്‍ ട്വന്‍റി 20 അദേഹത്തിന് അത്ര പറ്റിയതല്ല' എന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഇതേ നിലപാടാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്‌തറിനുമുള്ളത്. 'വിരാട് കോലി എക്കാലത്തെയും മികച്ച താരമാണ്. ബാബര്‍ എക്കാലത്തെയും മികച്ച താരമാകാനുള്ള പാതയിലും. ടി20യില്‍ ബാബര്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. കാരണങ്ങളേതുമില്ലാതെയാണ് പലരും ബാബറിനെ ആക്രമിക്കുന്നത്' എന്നും അക്‌തര്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വീണ്ടും ആരാധകര്‍ വിരാട് കോലി-ബാബര്‍ അസം പോരാട്ടത്തിന് സാക്ഷികളാവും. ഇതിന് ശേഷം ഏകദിന ലോകകപ്പില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് ഇന്ത്യ-പാക് ടീമുകളുടെ വമ്പന്‍ പോരാട്ടമുണ്ട്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ വിരാട് കോലി ഇതിനകം 75 രാജ്യാന്തര സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. ടെസ്റ്റില്‍ 109 മത്സരങ്ങളില്‍ 28 ശതകങ്ങളോടെ 8479 റണ്‍സും 274 ഏകദിനങ്ങളില്‍ 46 സെഞ്ചുറികളോടെ 12898 റണ്‍സും 115 രാജ്യാന്തര ടി20കളില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സും 34കാരനായ കോലിക്കുണ്ട്. അതേസമയം 30 അന്താരാഷ്‌ട്ര സെഞ്ചുറികളുള്ള 28കാരനായ ബാബറിന് 47 ടെസ്റ്റില്‍ 3696 റണ്‍സും 100 ഏകദിനങ്ങളില്‍ 5089 റണ്‍സും 104 ടി20കളില്‍ 3485 റണ്‍സുമാണ് സമ്പാദ്യം.
Read more: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്കയ്ക്ക് ജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
