മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പയോടും ഇതേ ചോദ്യം അവര്‍ത്തിച്ചപ്പോള്‍ കിട്ടിയ മറുപടിയും വ്യത്യസ്തമായിരുന്നു
എഡ്ജ്ബാസ്റ്റണ്‍: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പാകിസ്ഥാൻ ചാമ്പ്യൻസിനെ വീഴ്ത്തി ഇന്ത്യൻ ചാമ്പ്യൻസ് കിരീടം നേടിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പേരുമായി മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ തെരഞ്ഞെടുക്കമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഹര്‍ഭജന്‍ പറഞ്ഞത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക് കാലിസ്, ബ്രയാന്‍ ലാറ എന്നിവരുടെ പേരുകളായിരുന്നു.
എന്നാല്‍ ഇതേ ചോദ്യം മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്നയോട് ചോദിച്ചപ്പോള്‍ അദ്ദേഹം തെരഞ്ഞെടുത്തത് വിരാട് കോലി, ജോ റൂട്ട്, രോഹിത് ശര്‍മ എന്നിവരുടെ പേരുകളാണെന്നതും ശ്രദ്ധേയമായി. മുന്‍ ഓസ്ട്രേലിയന്‍ നായകൻ ആരോണ്‍ ഫിഞ്ചിനോട് ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സച്ചിന്‍റെ പേരാണ് ഫിഞ്ച് ആദ്യം പറഞ്ഞത്. സച്ചിന്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ തന്നെയാണ് അതിന് കാരണമമെന്നും ഫിഞ്ച് പറഞ്ഞു. രണ്ടാമതായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും മൂന്നാമതായി ബ്രയാന്‍ ലാറയെയും ഫിഞ്ച് തെരഞ്ഞെടുത്തു.
മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പയോടും ഇതേ ചോദ്യം അവര്‍ത്തിച്ചപ്പോള്‍ കിട്ടിയ മറുപടിയും വ്യത്യസ്തമായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ പേരാണ് ഉത്തപ്പ ആദ്യം പറഞ്ഞത്. രണ്ടാമതായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും മൂന്നമതായി ബ്രയാന്‍ ലാറയെയും ഉത്തപ്പ തെരഞ്ഞെടുത്തു.
ഇന്നലെ ഇംഗ്ലണ്ടിലെ ഏഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യൻസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ചാമ്പ്യൻസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക് ചാമ്പ്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ അംബാട്ടി റായുഡുവിന്‍റെ(50) അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യ ചാമ്പ്യൻസ് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. യൂസഫ് പത്താനും(16 പന്തില്‍ 30) ഇന്ത്യക്കായി തിളങ്ങി.
