ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാം. ജൊഹന്നാസ്ബര്‍ഗില്‍ മുമ്പ് ഇന്ത്യ ജയിച്ച ചരിത്രവുമുണ്ട്.

മുംബൈ: തിങ്കളാഴ്ച്ചയാണ് ദക്ഷിണാഫ്രിക്ക- ഇന്ത്യ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാം. ജൊഹന്നാസ്ബര്‍ഗില്‍ മുമ്പ് ഇന്ത്യ ജയിച്ച ചരിത്രവുമുണ്ട്. ഇതിനിടെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. 

ഇത്തവണ ഇന്ത്യ പരമ്പര നേടുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ''എങ്ങനെ നോക്കിയാലും നിലവിലെ ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കന്‍ ടീമിനെക്കാളും കരുത്തുണ്ട്. ഇത്തവണ ഇന്ത്യക്ക് പരമ്പര നേടാനായില്ലെങ്കില്‍ പിന്നീടത് വളരെ പ്രയാസമായിരിക്കും. അടുത്ത രണ്ട് മത്സരങ്ങളിലൊന്നില്‍ ഇന്ത്യ ജയിക്കുകയും പരമ്പര നേടുകയും ചെയ്യുമെന്നാണ് വിശ്വാസം. നേരത്തെ പറഞ്ഞതുപോലെ തന്നെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിത്.

നേരത്തെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് പോകുമ്പോഴെല്ലാം വളരെ പ്രയാസമുള്ള സാഹചര്യമായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന് അതൊരു പ്രശ്നമല്ല. 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇത്തവണ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്.'' ഹര്‍ജഭന്‍ വ്യക്തമാക്കി. 

കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷക്കെത്തിയത്. മായങ്ക് അഗര്‍വാളിനും തിളങ്ങാനായി. എന്നാല്‍ രണ്ടാം മത്സരത്തിന് മുമ്പ് ഇന്ത്യ ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്. നിലയുറപ്പിച്ച് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ സീനിയര്‍ താരങ്ങള്‍ക്ക് സാധിക്കേണ്ടതാണ്. വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നീ സീനിയര്‍ താരങ്ങളും ഫോമിലേക്കെത്തേണ്ടതായുണ്ട്.

ഇന്ത്യയുടെ ടീം കരുത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം അല്‍പ്പം പിന്നില്‍ത്തന്നെയാണ്. ഡീന്‍ എല്‍ഗാര്‍, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ പ്രതീക്ഷകളില്ല.