ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം തീര്‍ച്ചയായും അടിക്കാവുന്ന സ്കോറായിരുന്നു. പക്ഷെ അവര്‍ മനോഹരമായി പന്തെറിഞ്ഞു. ബൗളിംഗില്‍ പതിരാനയായിരുന്നു ഇരു ടീമും തമ്മിലുള്ള വ്യത്യാസം.
മുംബൈ: ഐപിഎല്ലില്‍ രോഹിത് ശര്‍മ അപരാജിത സെഞ്ചുറി നേടിയിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 റണ്‍സിന് മുംബൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തിയപ്പോള്‍ കളിയില്‍ നിര്‍ണായകമായത് രണ്ട് താരങ്ങളുടെ പ്രകടനങ്ങളെന്ന് തുറന്നു പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. അവസാന ഓവറില്‍ ധോണി ഇറങ്ങി നാലു പന്തില്‍ നേടിയ 20 റണ്‍സും മതീഷ് പതിരാനയുടെ ബൗളിംഗുമായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും മത്സരശേഷം ഹാര്‍ദ്ദിക് വ്യക്തമാക്കി.
ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം തീര്‍ച്ചയായും അടിക്കാവുന്ന സ്കോറായിരുന്നു. പക്ഷെ അവര്‍ മനോഹരമായി പന്തെറിഞ്ഞു. ബൗളിംഗില്‍ പതിരാനയായിരുന്നു ഇരു ടീമും തമ്മിലുള്ള വ്യത്യാസം. അവരുടെ തന്ത്രങ്ങളും സമീപനവും ഉജ്ജ്വലമായിരുന്നു. പിന്നെ അവരുടെ വിക്കറ്റിന് പിന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. അയാളാണ് എല്ലാം പറഞ്ഞു കൊടുക്കുന്നത്, എന്ത് ചെയ്യണം എപ്പോള്‍ ചെയ്യണമെന്നൊക്കെ. അതും അവരെ സഹായിച്ചു. പിച്ചില്‍ നിന്ന് അവരുടെ ബൗളര്‍മാര്‍ക്ക് ചെറിയ സഹായം ലഭിച്ചു. രണ്ടാമത് ബാറ്റിംഗ് അത്ര അനായാസമായിരുന്നില്ല.
അവനടിക്കുന്ന സിക്സുകള്‍ ചെന്ന് വീഴുക മറൈന്‍ ഡ്രൈവില്‍; ചെന്നൈ താരത്തെ മുംബൈ ഭയക്കണമെന്ന് ആകാശ് ചോപ്ര
പതിരാന വരുന്നതുവരെ ഞങ്ങള്‍ മികച്ച രീതിയിലായിരുന്നു മുന്നേറിയിരുന്നത്. എന്നാല്‍ പതിരാന വന്ന് ഒരോവറില്‍ രണ്ട് വിക്കറ്റ് എടുത്തതോടെ ഞങ്ങളുടെ കളിയുടെ താളം പോയി. ആ സമയം ഞങ്ങളെന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമായിരുന്നു. തോറ്റെങ്കിലും അടുത്ത മത്സരങ്ങളിലും ഇതേ ആവേശത്തോടെ കളത്തിലിറങ്ങുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
എന്നാല്‍ താനെറിഞ്ഞ അവസാന ഓവറില്‍ ധോണി പറത്തിയ ഹാട്രിക്ക് സിക്സിനെക്കുറിച്ച് പാണ്ഡ്യ മത്സരശേഷം ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. മുംബൈക്കായി അവസാന ഓവര്‍ എറിയാനെത്തിയ ഹാര്‍ദ്ദിക് രണ്ടാം പന്തില്‍ ഡാരില്‍ മിച്ചലിനെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ധോണി അടുത്ത മൂന്ന് പന്തുകളും സിക്സിന് പറത്തി ചെന്നൈയെ 200 കടത്തി. അവസാന പന്തില്‍ ഡബിള്‍ ഓടിയ ധോണി നാലു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നോവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 43 റണ്‍സ് വഴങ്ങി. ബാറ്റിംഗില്‍ അഞ്ചാമനായി ക്രീസിലെത്തിയ പാണ്ഡ്യ ആറ് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.
