Asianet News MalayalamAsianet News Malayalam

ആദ്യം ബഹുമാനിക്കാന്‍ പഠിക്കൂ, എന്നിട്ട് ഉണ്ടാക്കാം നിലയും വിലയും! ഹാര്‍ദിക്കിനെ ക്രൂരമായി ട്രോളി ആരാധകര്‍

തോല്‍വിക്ക് പിന്നാലെയാണ് ഹാര്‍ദിക്കിനെ പരിഹസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയത്. ഹാര്‍ദിക്കിനോടുള്ള വിരോധം ഇന്നും ഇന്നലേയും തുടങ്ങിയതല്ല.

hardik pandya brutaly trolled after defeat against gujarat giants in ipl
Author
First Published Mar 25, 2024, 3:02 AM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് സ്വന്തം ടീമിന്റെ തന്നെ ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല.

തോല്‍വിക്ക് പിന്നാലെയാണ് ഹാര്‍ദിക്കിനെ പരിഹസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയത്. ഹാര്‍ദിക്കിനോടുള്ള വിരോധം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് തന്റെ പഴയ ക്ലബായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരുന്നതും ക്യാപ്റ്റനാവുന്നതും.

ഒരു ബഹുമാനവുമില്ല! രോഹിത്തിനെ ഗ്രൗണ്ടില്‍ ഓടിപ്പിച്ച് ഹാര്‍ദിക്; മുന്‍ നായകനാണെന്ന ഓര്‍മ വേണമെന്ന് ആരാധകര്‍

എന്നാല്‍ തുടക്കത്തില്‍ തന്നെ എല്ലാം കയ്യില്‍ നിന്ന് പോയി. ഗ്രൗണ്ടില്‍ താരത്തിന്റെ ശരീരഭാഷ ആരാധകര്‍ക്ക് വെറുപ്പ് ഉളവാക്കുന്നതായിരുന്നു. രോഹിത്തിനോട് ബഹുമാനമില്ലാതെ സംസാരിക്കുന്നതെല്ലാം വിഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് താരത്തെ അംഗീകരിക്കാനായില്ല. ആദ്യം സീനിയര്‍ താരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നാണ് ആരാധകര്‍ ഹാര്‍ദിക്കിനോട് പറയുന്നത്. മത്സരശേഷം ഹാര്‍ദിക്കിന് നേരെ വന്ന ചില ട്രോളുകള്‍ വായിക്കാം. 

മത്സരത്തിന്റെ ടോസ് സമയത്ത് തന്നെ ഹാര്‍ദിക്കിനെതിരെ കൂവലുണ്ടായിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ താരം 30 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. ബാറ്റിംഗിനെത്തിയപ്പോള്‍ നാല് പന്ത് നേരിട്ട താരം 11 റണ്‍സ് നേടി. അവസാന ഓവറിലെ മൂന്നാം പന്തിലാണ് ഹാര്‍ദിക് പുറത്താവുന്നത്.

Follow Us:
Download App:
  • android
  • ios