മുംബൈ: ഐപിഎല്ലും വിവിധ പരമ്പരകളും മുടങ്ങിയത് മാത്രമല്ല ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് 19 മൂലമുണ്ടായ വലിയ തിരിച്ചടി. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോഴേക്കും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുക എന്നത് വെല്ലുവിളി തന്നെ. ഇക്കാര്യം സഹതാരങ്ങളെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൌണ്ടർ ഹാർദിക് പാണ്ഡ്യ. 

ക്വാറന്‍റൈന്‍ കാലത്ത് ഫിറ്റ്നസ് നോക്കാന്‍ മറന്നുപോകരുത്. ഫിറ്റായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക'- പരിശീലനം നടത്തുന്ന വീഡിയോ സഹിതം ഹാർദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തു. 

അതേസമയം, കൃത്യമായി ചെയ്യേണ്ട വ്യായാമമുറകള്‍ കരാറിലുള്ള എല്ലാ താരങ്ങള്‍ക്കും ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് നിക്ക് വെബ്, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരുടെ നിർദേശപ്രകാരമാണ് താരങ്ങള്‍ പരിശീലനം നടത്തുന്നത്. വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ യുവതാരം ഋഷഭ് പന്ത് ട്വീറ്റ് ചെയ്തിരുന്നു.  

തിരിച്ചുവരവ് കാത്ത് പാണ്ഡ്യ

പരിക്കുമൂലം ആറ് മാസത്തിലേറെയായി ഇന്ത്യന്‍ ജഴ്സിയണിയാത്ത ഹാർദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്ലും മാറ്റിവച്ചതോടെ പാണ്ഡ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏപ്രില്‍ 15ലേക്കാണ് നിലവില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ മാറ്റിവച്ചിരിക്കുന്നത്. 

Read more: വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച് നടാഷ; കാമുകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി ഉടനെത്തി, പിന്നാലെ കെ എല്‍ രാഹുലും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക