ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഹാർദിക് പാണ്ഡ്യ 58.50 ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്തിരുന്നു
സിഡ്നി: ടി20 ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മൂല്യമേറിയ താരം ഇന്ത്യന്‍ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെന്ന്(Hardik Pandya) ഓസീസ് മുന്‍ സ്പിന്നർ ബ്രാഡ് ഹോഗ്(Brad Hogg). കെ എല്‍ രാഹുലിനെ(KL Rahul) മറികടന്ന് ഹാർദിക്കാണ് ടീം ഇന്ത്യയെ നയിക്കേണ്ടതെന്നും ഹോഗ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഹാർദിക് പാണ്ഡ്യ 58.50 ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്തിരുന്നു.
'ബാറ്റും പന്തും കൊണ്ട് ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നു. അവസാന ഓവറുകളില്‍ ക്രീസിലെത്തി ആദ്യ പന്തുമുതല്‍ തന്നെ ബൗണ്ടറി നേടാന്‍ കഴിവുള്ള താരം. ഏറെ താരങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അത്. നേരത്തെ വിക്കറ്റുകള്‍ കൊഴിഞ്ഞാല്‍ ടോപ് ഓർഡറില്‍ ബാറ്റേന്താന്‍ കഴിയുന്ന താരം കൂടിയാണ് ഹാർദിക് പാണ്ഡ്യ' എന്നും ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മികച്ച പ്രകടനം ഹാർദിക് പാണ്ഡ്യ പുറത്തെടുത്തിരുന്നു. ഐപിഎല്ലില്‍ ടീമിന്‍റെ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്‍ സീസണില്‍ 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ട് വിക്കറ്റും താരം നേടി. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും തിളങ്ങി. പ്രോട്ടീസിനെതിരെ നാല് ടി20 ഇന്നിംഗ്സില്‍ 58.50 ശരാശരിയിലും 153.95 പ്രഹരശേഷിയിലും 117 റണ്‍സ് പാണ്ഡ്യ നേടി. കൂടാതെ അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവും അയർലന്‍ഡിനെതിരായ ടീമില്‍ ശ്രദ്ധേയമാണ്. സഞ്ജുവിനൊപ്പം രാഹുല്‍ ത്രിപാഠിയും ഇടംപിടിച്ചു. ഐപിഎല്‍ സീസണില്‍ 17 മത്സരങ്ങളില്‍ 145 പ്രഹരശേഷിയില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു. 17 അംഗ ടീമിലെ ഏക പുതുമുഖമായ രാഹുല്‍ ത്രിപാഠിയാകട്ടെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 37.55 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ് നേടി. 158.24 ആയിരുന്നു ത്രിപാഠിയുടെ സ്ട്രൈക്ക് റേറ്റ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും ബാറ്റർമാരായ ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.
അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ജേസന്‍ റോയ്-ജോസ് ബട്‍ലർ ഫിനിഷിംഗ്; നെതർലന്‍ഡ്സിന് എതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി
