മുംബൈ: വെടിക്കെട്ട് ബാറ്റിംഗും തകര്‍പ്പന്‍ ബൗളിംഗുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കിനെത്തുടര്‍ന്ന് അഞ്ച് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യ ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ ബാങ്ക് ഓഫ് ബറോഡക്കെതിരെ റിലയന്‍സ് വണ്ണിന് വേണ്ടിയാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

നാലാമനായി ബാറ്റിംഗിനിറങ്ങിയ പാണ്ഡ്യ 25 പന്തില്‍ നാല് സിക്സറുകളും ഒരു ബൗണ്ടറിയും അടക്കം 38 റണ്‍സെടുത്തു. പിന്നീട് 3.4 ഓവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. മത്സരത്തില്‍ റിലയന്‍സ് 25 റണ്‍സിന് ജയിച്ചു. പരിക്കിന്റെ ഇടവേളക്കുശേഷം ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാനും ഭുവനേശ്വര്‍കുമാറും മത്സരത്തിനിറങ്ങിയിരുന്നു.

റിലയന്‍സിനായി ഓപ്പണ്‍ ചെയ്ത ധവാന്‍ 14 റണ്‍സെടുത്ത് പുറത്തായി. ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് പന്തെറിഞ്ഞത്. ഇന്ത്യന്‍ ടീം ചീഫ് സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പാണ്ഡ്യ പരിഗണിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി.