പരിക്ക് പൂര്‍ണമായും മാറത്ത രോഹിത്തിനെ ടി20 പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല. അതേസമയം, രോഹിത് ഏകദിന പരമ്പരയില്‍ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് രോഹിത്തിന്റെ തള്ളവിരലിന് പരിക്കേല്‍ക്കുന്നത്.

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചതിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കൊരുങ്ങാന്‍ ടീം ഇന്ത്യ. നാളെ ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചേക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. ഹാര്‍ദിക്ക് പാണ്ഡ്യക്ക് കീഴിലായിരിക്കും ഇന്ത്യ ടി20ക്ക് ഇറങ്ങുക. 

പരിക്ക് പൂര്‍ണമായും മാറത്ത രോഹിത്തിനെ ടി20 പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല. അതേസമയം, രോഹിത് ഏകദിന പരമ്പരയില്‍ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് രോഹിത്തിന്റെ തള്ളവിരലിന് പരിക്കേല്‍ക്കുന്നത്. അതുകൊണ്ടാണ്ടാണ് ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓപ്പണര്‍ കെ എല്‍ രാഹുല്‍ എന്നിവരെയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് അറിയുന്നത്.

അങ്ങനെ വന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും മുഖ്യ പരിശീലകന്‍. ജനുവരി മൂന്നിന് ടി20 പരമ്പരയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിന് തുടക്കമാവുക. മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളും പരമ്പരയിലുണ്ട്.

രോഹിത്തിന്റെ പരിക്കിനെ കുറിച്ച് മുതിര്‍ന്ന ബിസിസിഐ പ്രതിനിധി ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞതിങ്ങനെ. ''രോഹിത്തിന്റെ പരിക്ക് 100 ശതമാനം മാറിയിട്ടില്ല. അതിനാല്‍ തന്നെ റിസ്‌ക് എടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ജഡേജയും ബുമ്രയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും വേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്നു. ഇരുവരും ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാല്‍ സെലക്ഷന് തയ്യാറാകും. ജഡേജയും ബുമ്രയും ഫിറ്റാണ്. മുഴുവന്‍ സമയ ബൗളിംഗിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജഡേജയും ബൗളിംഗ് പുനരാരംഭിച്ചു. എന്നാല്‍ ഇരുവരും ടി20യില്‍ തിരിച്ചെത്തുമോ എന്നത് സെലക്ടര്‍മാരുടെ തീരുമാനം അനുസരിച്ചിരിക്കും.'' പ്രതിനിധി പറഞ്ഞു.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20. രണ്ടാം ടി20 അഞ്ചിന് പൂനെയില്‍ നടക്കും. ഏഴിന് രാജ്കോട്ടിലാണ് മൂന്നാം ടി20. ഇതിന് ശേഷം ജനുവരി 10ന് ഗുവാഹത്തിയില്‍ ആദ്യ ഏകദിനം നടക്കും. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനം. 15ന് തിരുവനന്തപുരത്താണ് അവസാന ഏകദിനം.

ഓപ്പണര്‍ എന്ന നിലയില്‍ ബാറ്റിംഗ് ശരാശരി അംഗീകരിക്കാനാവില്ല; കെ എല്‍ രാഹുലിനെ പൊരിച്ച് ഡികെ