15 കോടി+ട്രാന്‍സ്‌ഫര്‍ ഫീ, ഹാര്‍ദിക് പാണ്ഡ്യക്കായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായി മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഐപിഎൽ താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കാനിരിക്കേ ആകാംക്ഷകളെല്ലാം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്‍. ഹാര്‍ദിക്കിനെ മടക്കിക്കൊണ്ടുവരാന്‍ പണപ്പെട്ടിയുമായി പിന്നാലെ നടക്കുകയാണ് മുംബൈ ഫ്രാഞ്ചൈസി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ട്രാന്‍സ്‌ഫറിനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത് എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. 

2015ല്‍ ഐപിഎല്‍ കരിയര്‍ തുടങ്ങിയ മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് സീസണില്‍ നയിച്ച ഹാര്‍ദിക്കിനെ ടീമിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സ് പണച്ചാക്കുമായാണ് ഇറങ്ങിയിരിക്കുന്നത്. പ്ലെയർ ട്രേഡിൽ ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും. ഇത് കൂടാതെ വലിയൊരു ട്രാന്‍സ്‌ഫര്‍ ഫീ കരാറിന്‍റെ ഭാഗമാണ് എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്രയും ഭീമമായ തുകയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയെ പാളയത്തിലേക്ക് തിരികെ എത്തിക്കണമെങ്കില്‍ താരങ്ങളെ റിലീസ് ചെയ്യാതെ മറ്റ് വഴികള്‍ മുംബൈ ഇന്ത്യന്‍സിന് മുന്നിലില്ല. 

മുംബൈ വിട്ട് ചേക്കേറിയ ഗുജറാത്ത് ടൈറ്റന്‍സിനെ 2022ലെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്കും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പ് സ്ഥാനത്തേക്കും ഹാര്‍ദിക് പാണ്ഡ്യ നയിച്ചിരുന്നു. 2022 ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പാണ്ഡ്യക്കായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിലെ രണ്ട് സീസണുകളില്‍ 30 ഇന്നിംഗ്‌സില്‍ 41.65 ശരാശരിയിലും 133.49 സ്ട്രൈക്ക് റേറ്റിലും 833 റണ്‍സും 8.1 ഇക്കോണമിയില്‍ 11 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ സ്വന്തമാക്കി. ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്. 

Read more: ഹാര്‍ദിക് പാണ്ഡ്യയെ റിലീസ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്? അഭ്യൂഹങ്ങള്‍ക്ക് വിരാമമെന്ന് സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം