ഓസ്ട്രേലിയക്ക് എതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാന്‍ വിസമ്മതിച്ചതാണ് ഹാരിസ് റൗഫിന്‍റെ കരാർ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് റദ്ദാക്കാന്‍ കാരണം
ലാഹോർ: ശിക്ഷാ നടപടിയുടെ ഭാഗമായി കരാർ റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ പേസർ ഹാരിസ് റൗഫിനെ ട്രോളി ഐസ്‍ലന്‍ഡ് ക്രിക്കറ്റ്. ബൗളറുടെ ഇക്കോണമി റേറ്റ് കുറച്ച് നിർത്താനുള്ള വഴികളിലൊന്നാണിത് എന്നാണ് ഐസ്‍ലന്‍ഡ് ക്രിക്കറ്റിന്‍റെ ട്വീറ്റ്. ഏറെ റണ്‍സ് വഴങ്ങുന്നതില്‍ സമീപകാലത്ത് ഹാരിസ് റൗഫ് കടുത്ത വിമർശനങ്ങള്‍ നേരിട്ടിരുന്നു.
ഓസ്ട്രേലിയക്ക് എതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാന്‍ വിസമ്മതിച്ചതാണ് ഹാരിസ് റൗഫിന്‍റെ കരാർ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) റദ്ദാക്കാന്‍ കാരണം. ഓസീസിനെതിരെ കളിക്കാന്‍ സജ്ജമാണ് എന്ന് ആദ്യം അറിയിച്ച ഹാരിസ് അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. കരാർ റദ്ദാക്കിയതിനൊപ്പം ട്വന്‍റി 20 ഫ്രാഞ്ചൈസി ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ താരത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ ലീഗുകളില്‍ കളിക്കാന്‍ 2024 ജൂണ്‍ വരെ ഹാരിസിന് എന്‍ഒസി നല്‍കില്ല. ഹാരിസ് റൗഫിന് പുറമെ പരിക്കേറ്റ നസീം ഷായും കളിക്കാതിരുന്ന ഓസീസ് പരമ്പരയില്‍ പരിചയക്കുറവുള്ള പേസർമാരുമായി ഇറങ്ങിയ പാകിസ്ഥാന്‍ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടിരുന്നു.
'ഓസീസിനെതിരെ കളിക്കാന്‍ തയ്യാറാണ് എന്ന് ഹാരിസ് റൗഫ് പറഞ്ഞതാണ്. എന്നാല്‍ അവസാന നിമിഷം മനസ് മാറി. ഹാരിസിന്‍റെ അഭാവം ടീം കോംബിനേഷനെ ബാധിച്ചു' എന്നും മുഖ്യ സെലക്ടർ വഹാബ് റിയാസ് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് പരമ്പരയില്‍ നിന്ന് പിന്‍മാറി എന്ന കാര്യത്തില്‍ ഹാരിസില്‍ നിന്ന് പിസിബി വിശദീകരണം ചോദിച്ചുവെങ്കിലും മതിയായ കാരണങ്ങള്‍ ലഭിച്ചില്ല എന്നാണ് ബോർഡ് പറയുന്നത്. മെഡിക്കല്‍ റിപ്പോർട്ടോ മതിയായ കാരണങ്ങളോ ഇല്ലാതെ പിന്‍മാറിയാല്‍ കരാർ റദ്ദാക്കാന്‍ ചട്ടമുണ്ട് എന്നാണ് പിസിബി വാദിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിര താരമാണ് എങ്കിലും ടെസ്റ്റില്‍ ഒരു മത്സരമേ ഹാരിസ് റൗഫ് കളിച്ചിട്ടുള്ളൂ.
Read more: വിളിച്ചുവരുത്തിയ വിന; അനാവശ്യ റണ്ണൗട്ടില്‍ രവീന്ദ്ര ജഡേജയോട് സർഫറാസ് ഖാന്‍ കയർത്തോ, സംഭവിച്ചത് ഇത്
