കഴിഞ്ഞ ലേലത്തിൽ 2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത ഹസരംഗയെ ലക്നൗ സ്വന്തമാക്കിയത്.

ലക്നൗ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ ലക്നൗ സൂപ്പർ ജയന്‍റ്സിന് കനത്ത പ്രഹരം. ലക്നൗ 2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ശ്രീലങ്കൻ സ്പിന്നര്‍ വാനിന്ദു ഹസരംഗ പരിക്കിനെത്തുടർന്ന് ഈ സീസണിൽ നിന്ന് പൂർണ്ണമായും പുറത്തായി.

ഈ വർഷം നടന്ന ടി20 ലോകകപ്പിനിടെ തുടയിലേറ്റ പരിക്കാണ് ഹസരംഗയ്ക്ക് വില്ലനായത്. കഴിഞ്ഞ രണ്ട് മാസമായി താരം മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ പന്തെറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായതിനാലാണ് ടൂർണമെന്‍റിൽ നിന്ന് പിന്മാറേണ്ടി വന്നത്. ഹസരംഗയ്ക്ക് ഇത്തവണ ഞങ്ങളോടൊപ്പം ചേരാൻ സാധിക്കില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പകരക്കാരനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീമെന്ന് ലക്നൗ സൂപ്പർ ജയന്‍റ്സ് ഗ്ലോബൽ ഡയറക്ടർ ടോം മൂഡി പറഞ്ഞു.

കഴിഞ്ഞ ലേലത്തിൽ 2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത ഹസരംഗയെ ലക്നൗ സ്വന്തമാക്കിയത്. എന്നാൽ കടുത്ത ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം മാത്രമേ താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാനുള്ള എൻഒസി നൽകൂ എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. പരിക്ക് മാറാത്തതിനാൽ ഹസരംഗ എൻഒസിക്കായി അപേക്ഷിച്ചിരുന്നില്ല.

ഹസരംഗയ്ക്ക് പകരമായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജോർജ് ലിൻഡെയെ ലക്നൗ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 250 ടി20 മത്സരങ്ങളില്‍ നിന്ന് 7.42 ഇക്കോണമിയില്‍ 218 വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് ലിന്‍ഡെ. 136.68 സ്ട്രൈക്ക് റേറ്റില്‍ 2746 റൺസും ലിന്‍ഡെ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ ലിന്‍ഡെ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക