ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അമിത പ്രതിരോധത്തിലേക്ക് വീണുപോവുന്നതാണ് രാഹുലിന്റെ പ്രശ്നം. പ്രതിഭവെച്ചു നോക്കിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പോലും 50 പന്തില്‍ സെഞ്ചുറി അടിക്കാന്‍ കഴിവുള്ള താരമാണ് രാഹുല്‍.
ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷം ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് മികവിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ പോലും 50 പന്തില്‍ സെഞ്ചുറി അടിക്കാന്‍ പ്രതിഭയുള്ള രാഹുല്‍ നിലവിലെ ഫോമില്‍ ശീഖര്‍ ധവാനെക്കാള്‍ കേമനാണെന്നും ഗംഭീര്‍ പറഞ്ഞു.
രാഹുല്‍ ഇപ്പോള്‍ അവിശ്വസനീയ ഫോമിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതേ ഫോം നിലനിര്‍ത്താന്‍ രാഹുലിന് കഴിയുന്നില്ല എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും തിളങ്ങനാകാണം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അമിത പ്രതിരോധത്തിലേക്ക് വീണുപോവുന്നതാണ് രാഹുലിന്റെ പ്രശ്നം. പ്രതിഭവെച്ചു നോക്കിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പോലും 50 പന്തില്‍ സെഞ്ചുറി അടിക്കാന്‍ കഴിവുള്ള താരമാണ് രാഹുല്‍.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിക്കാനായത് തിരിച്ചുവരവില്‍ രാഹുലിന് ഗുണകരമായെന്നും ഗംഭീര്‍ പറഞ്ഞു. ധവാന്റെ പ്രകടനം തൃപ്തികരമാണെന്ന് പറയാനാവില്ലെങ്കിലും കരുത്തോടെ അദ്ദേഹം തിരിച്ചുവരുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
