ഒക്ടോബർ 4-നാണ് അഗാർക്കറുടെ കരാർ അവസാനിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ട അഗാർക്കറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അശ്വിന്‍റെ പ്രതികരണം.
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്തുനിന്നും അജിത് അഗാർക്കർ പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പിന്തുണയുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. തന്‍റേതടക്കമുള്ള മുതിർന്ന താരങ്ങളുടെ വിരമിക്കലിന് വഴിയൊരുക്കിയ അഗാർക്കറുടെ തീരുമാനങ്ങൾ വ്യക്തിവിരോധം കൊണ്ടല്ലെന്നും, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി മുന്നിൽക്കണ്ടുള്ളതായിരുന്നുവെന്നും അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഒക്ടോബർ 4-നാണ് അഗാർക്കറുടെ കരാർ അവസാനിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ട അഗാർക്കറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അശ്വിന്‍റെ പ്രതികരണം. ‘അജിത് അഗാർക്കറെ എനിക്ക് വ്യക്തിപരമായി നന്നായി അറിയാം. എന്‍റെ വിരമിക്കൽ സമയത്ത് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ടീമിൽ നിന്ന് മുതിർന്ന താരങ്ങളെ മാറ്റി നിർത്തി അടുത്ത തലമുറയെ വളർത്തിയെടുക്കുക എന്നത് വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ആ ഘട്ടത്തിൽ പുറത്താക്കപ്പെട്ട മുതിർന്ന താരങ്ങളിൽ ഒരാളായിരുന്നു ഞാൻ. എങ്കിലും വ്യക്തിപരമായ ഈഗോ മാറ്റിവെച്ച് ചിന്തിച്ചാൽ, അദ്ദേഹം വളരെ മികച്ചൊരു ചീഫ് സെലക്ടറായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും’.
അടുത്ത തലമുറയ്ക്കുള്ള ശക്തമായ ടീമിനെ വാർത്തെടുക്കുന്നതിൽ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അശ്വിൻ വ്യക്തമാക്കി. അഗാർക്കറുടെ പല തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ ടീമിന് കൂടുതൽ വിജങ്ങള്‍ സമ്മാനിക്കാനും പുതിയ കളിക്കാരെ വളർത്തിയെടുക്കാനുമുള്ള ദീർഘവീക്ഷണമാണ് അദ്ദേഹം കാട്ടിയതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
