രാജസ്ഥാന്‍ നിരയില്‍ പ്രതീക്ഷ കാത്ത നിരവധി താരങ്ങളുണ്ടെങ്കിലും പ്രതീക്ഷക്കും അപ്പുറം മികച്ച പ്രകടനം നടത്തിയ കളിക്കാരന്‍ റിയാന്‍ പരാഗ് ആണെന്ന് ഹോഗ്

ജയ്പൂര്‍: ഐപിഎല്ലില്‍ കളിച്ച നാലു മത്സരങ്ങളും ജയിച്ച് തോല്‍വി അറിയാതെ കുതിക്കുന്ന സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രകടനത്തെ വാഴ്ത്തി ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഈ ഐപിഎല്ലിലെ ഏറ്റവും സന്തുലിത ടീമാണ് രാജസ്ഥാന്‍ റോയല്‍സ് എന്ന് ഹോഗ് എന്‍ഡിടിവി പോഡ്കാസ്റ്റില്‍ പറഞ്ഞു.

രാജസ്ഥാന്‍ നിരയില്‍ പ്രതീക്ഷ കാത്ത നിരവധി താരങ്ങളുണ്ടെങ്കിലും പ്രതീക്ഷക്കും അപ്പുറം മികച്ച പ്രകടനം നടത്തിയ കളിക്കാരന്‍ റിയാന്‍ പരാഗ് ആണെന്ന് ഹോഗ് പറഞ്ഞു. ഈ സീസണില്‍ പരാഗ് കൂടുതല്‍ പക്വതയാര്‍ന്ന കളിക്കാരനായെന്ന് തോന്നുന്നു. പരാഗിന്‍റെ കളി കാണാന്‍ എനിക്കിഷ്ടമാണ്. ഐപിഎല്ലില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അവന്‍. അവന്‍റെ എനര്‍ജിയും ഫീല്‍ഡിംഗുമെല്ലാം എനിക്കിഷ്ടമാണ്.

ഐപിഎല്‍ മെഗാ താരലേലത്തില്‍ രോഹിത് മുംബൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; ഇന്ത്യൻ ക്യാപ്റ്റനായി വലവിരിച്ച് ടീമുകൾ

ഈ വര്‍ഷം അവന്‍ ശരിക്കും പക്വതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവന് കുറച്ച് ഈഗോ ഉണ്ടായിരുന്നെന്ന് തോന്നുന്നു. മോശമായ അര്‍ത്ഥത്തിലല്ല ഞാനിത് പറയുന്നത്. ഈ വര്‍ഷവും ഈഗോ ഇല്ലെന്നല്ല, പക്ഷെ അത് നിയന്ത്രിക്കാന്‍ അവനാവുന്നുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാനും സ്വന്തം സ്ഥാനം മാത്രം സുരക്ഷിതമാക്കാതെ ടീമിനായി തനിക്ക് എന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കാനും അവന് കഴിയുന്നുണ്ടെന്നും ഹോഗ് പറഞ്ഞു.

2019ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി അരങ്ങേറിയ പരാഗ് ഈ സീസണില്‍ നാലു മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 158.12 സ്ട്രൈക്ക് റേറ്റിലും 92.50 ശരാശരിയിലും 185 റണ്‍സടിച്ചിട്ടുണ്ട്. രാജസ്ഥാന്‍റെ രണ്ട് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചതും പരാഗായിരുന്നു. സീസണിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച അഞ്ചാം മത്സരത്തില്‍ ഇന്ന് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക