രോഹിത്തിന്‍റെ കഴിവിനെക്കുറിച്ചോ ഫോമിനെക്കുറിച്ചോ യാതൊരു സംശയവുമില്ല.പക്ഷെ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ ഒറ്റ റണ്‍ പോലും നേടാതെ പുറത്തായത് നിരാശപ്പെടുത്തുന്നതാണ്.
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. രണ്ടാം മത്സരത്തില്‍ രോഹിത് പുറത്തായ രീതി ശരിക്കും അത്ഭുതപ്പെടുത്തിയെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
അഫ്ഗാന്‍ പേസര്‍ ഫസലുള്ള ഫാറൂഖിയുടെ ആദ്യ പന്ത് തന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സ് അടിക്കാന്‍ നോക്കിയ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.രോഹിത് ഔട്ടായ രീതി ശരിക്കും അതിശയിപ്പിക്കുന്നതാണ്. രോഹിത് നേരിടുന്ന ആദ്യ പന്തായിരുന്നു അത്. സാധാരണഗതിയില്‍ അദ്ദേഹം അത്തരം ഷോട്ടുകള്‍ കളിക്കാറില്ല. ആദ്യ മത്സരത്തില്‍ രോഹിത് റണ്ണൗട്ടായി. അത് പക്ഷെ അദ്ദേഹത്തിന്‍റെ കുഴപ്പം കൊണ്ടാണെന്ന് പറയാന്‍ പറ്റില്ല.എന്നാല്‍ രണ്ടാം മത്സരത്തിലെ ഷോട്ട് സെലക്ഷന്‍ തീര്‍ച്ചായും രോഹിത്തിന്‍റെ പിഴവാണ്.
രോഹിത്തിന്‍റെ കഴിവിനെക്കുറിച്ചോ ഫോമിനെക്കുറിച്ചോ യാതൊരു സംശയവുമില്ല.പക്ഷെ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ ഒറ്റ റണ്‍ പോലും നേടാതെ പുറത്തായത് നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലിലും രോഹിത് ഇതുപോലെ തന്നെയായിരിക്കും ബാറ്റ് ചെയ്യുക. ഏകദിന ലോകകപ്പില്‍ രോഹിത് ബാറ്റ് ചെയ്തതുപോലെ 38-40 റണ്‍സ് തുടക്കത്തില്‍ നമുക്ക് വേണം. എന്നാല്‍ ഈ പരമ്പരയില്‍ ഒറ്റ റണ്‍ പോലും രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് വന്നിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ആദ്യ മത്സരത്തില്‍ കളിച്ച ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് രോഹിത് രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ രോഹിത്തിന്‍റെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുകയാണിപ്പോള്‍. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലെങ്കിലും രോഹിത് ഫോമിലാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ആരാധകര്‍.
