ബെംഗളൂരു: ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും എതിരാളികള്‍ക്ക് ഭീഷണിയാണെന്ന് പാറ്റ് കമ്മിന്‍സ്. ബുംറയുടെ കൃത്യതയും പേസുമാണ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ പേസര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ നിര്‍ണായകമായ 19-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ രണ്ട് വിക്കറ്റ് വീഴ്‌ത്തി ഞെട്ടിച്ചിരുന്നു. 

ബുംറ ഒരു ക്ലാസ് ബൗളറാണ്. മികച്ച വേഗതയിലും കൃത്യതയിലും പന്തെറിയാകുന്നു. വേഗവും കൃത്യതയും നിലനിര്‍ത്തുന്നുണ്ടെങ്കില്‍ ആ ബൗളര്‍ ലോകത്തെ ഏത് ബാറ്റ്സ്‌മാനും വെല്ലുവിളിയാണ്. ബുംറയ്ക്ക് മനോഹരമായി സ്ലോ ബോളുകള്‍ എറിയാനറിയാം. കഴിവിനെ നന്നായി ഉപയോഗിക്കാനുമറിയാം. അതുകൊണ്ട് മികച്ച ക്രിക്കറ്റ് ബുദ്ധിശാലിയാണ് അയാള്‍. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ബുംറ അത് നിറവേറ്റുന്നതായും കമ്മിന്‍സ് പറഞ്ഞു. 

ഒരു വര്‍ഷക്കാലമായി ഓസീസിനായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ബൗളറാണ് പാറ്റ് കമ്മിന്‍സ്. വിശാഖപട്ടണത്ത് ആദ്യ ടി20യില്‍ ഇന്ത്യക്കെതിരെ ബാറ്റുകൊണ്ടും താരം തിളങ്ങിയിരുന്നു. ഉമേഷ് യാദവെറിഞ്ഞ 20-ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ ഒരു ബൗണ്ടറിയും ഡബിളും കമ്മിന്‍സ് നേടി. ഇതോടെ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് വിജയിക്കുകയായിരുന്നു.