ആ ചെറുപ്പാകരനെ നോക്കിവെച്ചോളു. അവനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി. ഇത്രയും കഴിവുള്ള ഒരു കളിക്കാരന്‍ നമുക്കുണ്ടന്നതില്‍ തീര്‍ച്ചയായും അഭിമാനിക്കാം

ദില്ലി: ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ എട്ടാം കിരീടം ഉയര്‍ത്തിയപ്പോള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഒരുപിടി താരങ്ങളുണ്ട്. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍ത്തടിച്ച് മാന്യമായ സ്കോര്‍ ഉറപ്പാക്കിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും പാക്കിസ്ഥാനെതിരായ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സെഞ്ചുറികളുമായി തകര്‍ത്തടിച്ച വിരാട് കോലിയും കെ എല്‍ രാഹുലും ബൗളിംഗില്‍ കറക്കി വീഴ്ത്തിയ കുല്‍ദീപ് യാദവ്.

ഫൈനലില്‍ ലങ്കയെ എറിഞ്ഞോടിച്ച മുഹമ്മദ് സിറാജ് അങ്ങനെ നിരവധിപേര്‍. ഇവരൊക്കെയുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരം ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ കപില്‍ ദേവ്. ഏഷ്യാ കപ്പിനെത്തുമ്പോള്‍ ഗില്ലിന്‍റെ ഫോമില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും വിമര്‍ശകരുടെ എല്ലാം വായടപ്പിച്ച് ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായാണ് ഗില്‍ വരുന്നതെന്ന് കപില്‍ പറഞ്ഞു.

ആ ചെറുപ്പാകരനെ നോക്കിവെച്ചോളു. അവനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി. ഇത്രയും കഴിവുള്ള ഒരു കളിക്കാരന്‍ നമുക്കുണ്ടന്നതില്‍ തീര്‍ച്ചയായും അഭിമാനിക്കാം-കപില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരാവാന്‍ എല്ലാ സാധ്യതകളും ഉണ്ടെങ്കിലും ഫേവറൈറ്റ് ടാഗ് നല്‍കി ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്നും കപില്‍ പറഞ്ഞു.

ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലും തഴഞ്ഞു, ഇനി സഞ്ജുവിന് മുന്നിലുള്ള വഴികൾ

ആദ്യ നാലില്‍ എത്തുക എന്നതാണ് പ്രധാനം. അതിനുശേഷം ഭാഗ്യം കൂടി കനിഞ്ഞാലെ കിരീട ഭാഗ്യമുണ്ടാകു. അതുകൊണ്ടുതന്നെ നമ്മളാണ് ഫേവറൈറ്റുകളെന്ന് പറയാനാവില്ല. തീര്‍ച്ചയായും നമ്മുടേത് കരുത്തുറ്റ ടീമാണ്. ഹൃദയം പറയുന്നത് നമ്മള്‍ ജയിക്കുമെന്നാണ്. പക്ഷെ, മനസ് വേറെന്തോ പറയുന്നു. നമ്മള്‍ കഠിനമായി പ്രയത്നിക്കേണ്ടിവരും, നമ്മുടെ ടീമിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. മറ്റ് ടീമുകളെക്കുറിച്ച് അറിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെ ഫേവറൈറ്റുകളെന്ന് വിശേഷിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്നും കപില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക