ദില്ലി: കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പത്താന്റെ മകന്‍ ഇമ്രാന്‍ പത്താന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഏറെ ചര്‍ച്ചയായിരുന്നു. പത്താനും മകനുമൊത്തുള്ള ചിത്രത്തില്‍ ഭാര്യ സഫ ബെയ്ഗിന്റെ മുഖം എഡിറ്റ് ചെയ്ത് മറച്ചിരുന്നു. അതുകൊണ്ടുതന്നെ മോശം പ്രതികരണമാണ് പലരില്‍ നിന്നുമുണ്ടായത്. പലരും ചോദ്യങ്ങളുമായെത്തി. അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍. 

ട്വിറ്ററിലാണ് പത്താന്‍ മോശം കമന്റുകള്‍ക്കുള്ള മറുപടി പറഞ്ഞത്. അതേ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ട് പത്താന്‍ ഇത്തരത്തില്‍ കുറിച്ചിട്ടു... ''മകന്റെ അക്കൗണ്ട് വഴി ഭാര്യ തന്നെയാണ് ആ ഫോട്ടോ പങ്കുവച്ചത്. ഫോട്ടോയുടെ പേരില്‍ കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങുകയാണിപ്പോള്‍. ആ ഫോട്ടോ ഞാന്‍ എന്റെ അക്കൗണ്ടിലും പോസ്റ്റ് ചെയ്യുന്നു. ഭാര്യയുടെ താല്‍പര്യപ്രകാരം അവള്‍ തന്നെയാണ് ചിത്രം കൃത്രിമമായി മറച്ചത്. ഞാന്‍ അവളുടെ പങ്കാളിയാണ്, യജമാനനല്ല.'' അവളുടെ ജീവിതം അവളുടെ താല്‍പര്യം എന്ന ഹാഷ്ടാഗോടെ പത്താന്‍ കുറിച്ചിട്ടു. 

ഭാര്യയുടെ മുഖം കാണിക്കാന്‍ പഠാന്‍ സമ്മതിക്കുന്നില്ലെന്ന നിലയിലാണ് പ്രതികരണങ്ങള്‍ ശക്തമായത്. ഇതോടെയാണ് പത്താന്‍ വിശദീകരണവുമായി വന്നത്. സഹോദരന്‍ യൂസഫ് പത്താനുമൊത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇര്‍ഫാന്‍. ഭക്ഷണം, ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയവയെല്ലാം എത്തിച്ചുകൊടുക്കുന്നണ്ട് ഇരുവരും.

നേരത്തെ, ഇര്‍ഫാന് കൊവിഡ് ബാധിച്ചിരുന്നു. റോഡ് സേഫ്റ്റ് ടൂര്‍ണമെന്റിനിടെയാണ് താരത്തിന് കൊവിഡ് ബാധയുണ്ടായത്. ടൂര്‍ണമെന്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ 36കാരന്‍ 126 റണ്‍സും നേടിയിരുന്നു.