ഒന്നാം സ്ഥാനം മോഹിക്കണ്ട, മറ്റു അവകാശികളുണ്ട്! ഓസീസിനെ പഞ്ഞിക്കിട്ട ടീമുകളുടെ പട്ടികയില്‍ ഇനി ഇന്ത്യയും
ഓസീസിനെ പഞ്ചിക്കിടുന്ന കാര്യത്തില്‍ ഇംഗ്ലണ്ടാണ് ഒന്നാമന്‍. 2018 ഓസീസിനെതിരെ നോട്ടിംഗ്ഹാമില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമുകളുടെ പട്ടികയില്‍ നാലാമതായി ടീം ഇന്ത്യ. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടിയതോടെയാണ് ഇന്ത്യയെ തേടി നേട്ടമെത്തിയത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ഓസീസിനെ പഞ്ചിക്കിടുന്ന കാര്യത്തില്‍ ഇംഗ്ലണ്ടാണ് ഒന്നാമന്‍. 2018 ഓസീസിനെതിരെ നോട്ടിംഗ്ഹാമില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത്. 2006ല്‍ ജൊഹന്നാസ്ബര്‍ഗില്‍ ഒമ്പതക് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 438 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക തന്നെയാണ് മൂന്നാമത്. ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സും ദക്ഷിണാഫ്രിക്ക നേടി. ഇപ്പോള്‍ ഇന്ത്യയുടെ 399 റണ്‍സും. 2013ല്‍ ബംഗളൂരുവില്‍ ഇന്ത്യ നേടിയ ആറിന് 383 റണ്‍സും പട്ടികിയലുണ്ട്.
ഇന്‍ഡോറില്‍ കാമറൂണ്‍ ഗ്രീനാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. 10 ഓവറില്‍ 103 റണ്‍സ് താരം വിട്ടുകൊടുത്തു. രണ്ട് വിക്കറ്റുകള്‍ വീഴ്ത്താനായിരുന്നു ഗ്രീനിന്. എങ്കിലും മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍ ഗ്രീന്‍ ഇടം പിടിച്ചു. ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ മൂന്നാമനാണിപ്പോള്‍ ഗ്രീന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 113 റണ്‍സ് വീതം വഴങ്ങിയിട്ടുള്ള മൈക്ക് ലൂയിസ്, ആഡം സാംപ എന്നിവരാണ് ഒന്നാമത്.
2006ലാണ് ലൂയിസ് ഇത്രയം റണ്‍സ് വിട്ടുകൊടുത്തത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് സാംപ 113 റണ്‍സ് നല്‍കിയത്. ഇവര്‍ക്ക് പിന്നില്‍ ഇപ്പോള്‍ ഗ്രീന്‍ മൂന്നാമന്‍. 2018ല്‍ നോട്ടിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സ് വഴങ്ങിയ ആന്‍ഡ്രൂ ടൈ, ഇതേ മത്സരത്തില്‍ 92 റണ്‍സ് വിട്ടുകൊടുത്ത ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് ഗ്രീനിന് പിന്നിലുണ്ട്.