ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നിര്‍ണായക മത്സരം നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പരയിലെ മൂന്നാം മത്സരമാണ് നാളെ നടക്കുക. ആദ്യ മത്സരം മഴ മുടക്കിയിപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ വിജയിച്ചിരുന്നു. നാളെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായാല്‍ പരമ്പര സമനിലയിലാക്കാം. അവസാന മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുക.

കഴിഞ്ഞ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. ബൗളിങ്- ബാറ്റിങ് വകുപ്പുകള്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്തത്. പ്രശ്‌നമുള്ള ഒരേയൊരു ഭാഗം ഋഷഭ് പന്തിന്റെ സ്ഥാനമാണ്. മോശം ഫോമിലാണ് പന്ത്. നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു. ഒരിക്കല്‍കൂടി അവസരം മുതലാക്കിയില്ലെങ്കില്‍ ടീമില്‍ പന്തിന്റെ സ്ഥാം ചോദ്യം ചെയ്യപ്പെടും.

എന്നാല്‍ താരത്തെ നാലാം സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. അവിടെ ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കിയേക്കും. അഞ്ചാമതായിട്ടായിരിക്കും പന്ത് ഇറങ്ങുക. മറ്റു മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡി കോക്കും തെംബ ബവൂമയും മാത്രമാണ് ഫോമിലുള്ളത്.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവ്ദീപ് സൈനി.