Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണ്‍ വരും ഏഷ്യാ കപ്പ് ടീമില്‍? താരത്തെ തള്ളാനാവില്ല, സാധ്യതയുള്ള മറ്റ് താരങ്ങളുടെ പട്ടിക

ഈ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും മികച്ച ഫോമിലാണ്

Here is the Team India Probable Squad in Asia Cup 2023 Sanju Samson have a chance jje
Author
First Published Jun 18, 2023, 3:31 PM IST

മുംബൈ: ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 50 ഓവര്‍ ഫോര്‍മാറ്റിലാണ് നടക്കുക. നിലവിലെ ഫോം പരിഗണിച്ചാല്‍ ആരൊക്കെ ഏഷ്യാ കപ്പ് ടീമില്‍ ഇടംപിടിക്കും? നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ തന്നെയാണ് ഓപ്പണറായി വരിക എന്നുറപ്പാണ്. ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലിലും ഗോള്‍ഡന്‍ ഫോം കാഴ്‌ചവെക്കുന്ന ഗില്ലിനെ മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് നിലവില്‍ ടീമിന് ചിന്തിക്കാനാവില്ല. അപ്പോള്‍ പിന്നെ മറ്റുള്ള സ്ഥാനങ്ങളിലേക്ക് ആരൊക്കെ വരും എന്നത് മാത്രമാണ് ചര്‍ച്ചാ വിഷയം. ഏഷ്യാ കപ്പിനുള്ള സാധ്യത ടീമിനെ പരിശോധിക്കാം. 

ഈ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും മികച്ച ഫോമിലാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും സഹിതം ഹിറ്റ്‌മാന്‍ 46.37 ശരാശരിയില്‍ 371 റണ്‍സ് നേടി. അതേസമയം 9 ഏകദിനങ്ങളില്‍ 78 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും സഹിതം 624 റണ്‍സുണ്ട് ശുഭ്‌മാന്‍ ഗില്ലിന് 2023ല്‍. മധ്യനിര ബാറ്റര്‍മാരായി റണ്‍മെഷീന്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവും തുടരുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പ് ആവുമ്പോഴേക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഏകദിനത്തില്‍ രണ്ട് സെഞ്ചുറിയും 53 ശരാശരിയുമുള്ള കോലിയുടെ ബാറ്റിംഗ് സ്ഥാനവും ഇളകില്ല. കെ എല്‍ രാഹുലിന് 57 ബാറ്റിംഗ് ശരാശരി 2023ലുണ്ട്. ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താനാണ് സാധ്യത. ഏകദിനത്തില്‍ അത്ര മികച്ചതല്ല സൂര്യയുടെ റെക്കോര്‍ഡ് എങ്കിലും ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. 

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പറായി പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍. പരിക്ക് മാറി വരുന്നതിനാല്‍ രാഹുലിനെ വിക്കറ്റ് കീപ്പറുടെ അധിക ചുമതല ഏല്‍പിക്കാനുള്ള സാധ്യത വിരളമാണ്. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ താരമാണ് കിഷന്‍ എങ്കില്‍ ഏകദിനത്തില്‍ 71 എന്ന വിസ്‌മയ ബാറ്റിംഗ് ശരാശരിയുണ്ട് സഞ്ജുവിന്. സ്‌പിന്‍ ദ്വയം യുസ്‌വേന്ദ്ര ചാഹല്‍-കുല്‍ദീപ് യാദവ് എന്നിവരാണ് സമീപകാല ഫോം വച്ച് ടീമിലെത്താന്‍ സാധ്യതയുള്ള രണ്ട് സ്‌പിന്നര്‍മാര്‍. ചാഹല്‍ ഐപിഎല്ലില്‍ 21 വിക്കറ്റ് നേടിയെങ്കില്‍ എട്ട് ഏകദിനത്തില്‍ 15 വിക്കറ്റുണ്ട് ഈ വര്‍ഷം കുല്‍ദീപിന്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും ചിലപ്പോള്‍ ദീപക് ഹൂഡയുമാണ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍. ഇവരില്‍ പാണ്ഡ്യ, ജഡ്ഡു, അക്‌സര്‍ എന്നിവരുടെ മികവില്‍ ആര്‍ക്കും സംശയം കാണില്ല. അര്‍ഷ്‌ദീപ് സിംഗിനെ പോലുള്ള യുവ പേസര്‍മാര്‍ കൂടുതല്‍ അവസരങ്ങള്‍ കാത്ത് പുറത്തുണ്ടെങ്കിലും ഐപിഎല്ലിലെ ഹോട്ട് ഫോം മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും അനുകൂല ഘടകമാണ്.

Read more: ഇഷാന്‍ കിഷന് സുപ്രധാന നിര്‍ദേശവുമായി ബിസിസിഐ; സഞ്ജു സാംസണിനും ബാധകമോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios