ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായ രവിചന്ദ്രന്‍ അശ്വിനും ഫൈനല്‍ നടക്കേണ്ട 2025ല്‍ പ്രായം 38 ആകും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് 37.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെ അടുത്ത ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്ക് കടക്കുന്ന ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി തലമുറമാറ്റമാണ്. 2025ലെ ഫൈനലില്‍ ഇപ്പോഴത്തെ പ്രധാനതാരങ്ങളില്‍ പലര്‍ക്കും ഇടമുണ്ടാകില്ല. തുടര്‍ച്ചയായി രണ്ട് ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പുകളാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം തവണ കിരീടപ്പോരിനിറങ്ങുന്ന ഇന്ത്യന്‍ നിരയ്ക്ക് പ്രായാധിക്യമാണ് വെല്ലുവിളി. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായ രവിചന്ദ്രന്‍ അശ്വിനും ഫൈനല്‍ നടക്കേണ്ട 2025ല്‍ പ്രായം 38 ആകും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് 37. വിരാട് കോലിയും രവീന്ദ്ര ജഡേജയും 36ലെത്തും. മുഹമ്മദ് ഷമിക്ക് 34 തികയും. നിലവില്‍ ഇന്ത്യന്‍ നിരയില്‍ ഒഴിച്ചുകൂടാനാകാത്ത താരങ്ങളില്‍ പലരെയും 2025ല്‍ കാണില്ലെന്നുറപ്പ്. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ടീമില്‍ അഴിച്ചുപണിക്ക് ബിസിസിഐ നിര്‍ബന്ധിതമാകും.

കോച്ച് രാഹുല്‍ ദ്രാവിഡിനും ലോകകപ്പിലെ പ്രകടനം നിര്‍ണായകമാണ്. രോഹിത്തിന്റെ പിന്‍ഗാമിയായി ക്യാപ്റ്റനെയും ടീം കണ്ടെത്തേണ്ടതുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിലെ വിജയത്തിന് പിന്നാലെ ട്വന്റി 20യില്‍ ഹാര്‍ദിക് പണ്ഡ്യ ക്യാപ്റ്റനായി മികവ് തെളിയിച്ചുകഴിഞ്ഞു. ഏകദിനത്തിലും ഹാര്‍ദിക്കിന് അവസരമുണ്ടെങ്കിലും ടെസ്റ്റില്‍ പരിഗണിക്കാന്‍ സാധ്യത കുറവ്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്നത്.

പന്തും ശ്രേയസും പരിക്കേറ്റ് ചികിത്സയില്‍. ജസ്പ്രിത് ബുംമ്രയുടെ തിരിച്ചുവരവോടെ ബൗളിംഗ് യൂണിറ്റിലെ പ്രശ്‌നം പരിഹരിക്കാമെന്നും ടീം കണക്കുകൂട്ടുന്നു. അശ്വിന്‍- ജഡേജ സഖ്യത്തിന് ശേഷം ഇന്ത്യന്‍ സ്പിന്‍ യൂണിറ്റ് ഭരിക്കേണ്ടവരെയും അടുത്ത സീസണില്‍ ഇന്ത്യ കണ്ടെത്തണം. ജൂലൈ 12നാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തുടക്കമാവുക.

പാക് താരത്തിന്റെ കയ്യില്‍ നിന്ന് പന്ത് തട്ടി! സ്റ്റിമാക്കിന് ചുവപ്പ് കാര്‍ഡ്; താരങ്ങള്‍ തമ്മില്‍ വാക്കേറ്റം