ചരിത്രനേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ടി20യില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. പതിനാല് മാസം ട്വന്റി 20യില്‍ നിന്ന് വിട്ടുനിന്ന രോഹിത് 149 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20ല്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തേടി ചരിത്രനേട്ടം. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ പുറത്തായിരുന്നു. തുടര്‍ച്ചയായ രണ്ടാം ടി20യിലാണ് രോഹിത് റണ്‍സെടുക്കാതെ മടങ്ങുന്നത്. എങ്കിലും ഒരു സുപ്രധാന നേട്ടത്തില്‍ നിന്ന് രോഹിത്തിനെ മാറ്റിനിര്‍ത്താനായില്ല. 

ചരിത്രനേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ടി20യില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. പതിനാല് മാസം ട്വന്റി 20യില്‍ നിന്ന് വിട്ടുനിന്ന രോഹിത് 149 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 28 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അന്താരാഷ്ട്ര ട്വന്റി 20യില്‍ 100 വിജയം നേടിയ ആദ്യ പുരുഷതാരവും രോഹിത്താണ്. വിരാട് കോലിയാണ് (116) ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്.

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യഷസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 172 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടി20 ബുധനാഴ്ച്ച ബംഗളൂരുവില്‍ നടക്കും.

ഗില്ലിനെ ഒഴിവാക്കിയത് രോഹിത്തുമായുണ്ടായ വഴക്കിനെ തുടര്‍ന്നോ? കാരണം മറ്റൊന്നാണെന്ന് സോഷ്യല്‍ മീഡിയ