തലവേദനായി ഓപ്പണിങ് സ്ലോട്ടും ശുഭ്മാൻ ഗില്ലും. ആശങ്കയായി നായകൻ സൂര്യകുമാര്‍ യാദവിന്റെ ഫോം. ബാറ്റിങ് നിരയില്‍ ക്യത്യമായൊരു സ്ഥാനമില്ലാതെ തുടരുന്ന അക്സര്‍ പട്ടേലും ശിവം ദുബെയുമൊക്കെ

ബാറ്റിങ് നിരയ്ക്ക് എപ്പോഴും അഭിഷേക് ശര്‍മയെ ആശ്രയിക്കാനാകില്ല. ഞാനും ശുഭ്മാൻ ഗില്ലും ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. രണ്ടാം ട്വന്റിയിലെ പരാജയത്തിന് ശേഷം നായകന്റെ വാക്കുകളായിരുന്നു ഇത്.

തലവേദനായി ഓപ്പണിങ് സ്ലോട്ടും ശുഭ്മാൻ ഗില്ലും. ആശങ്കയായി നായകൻ സൂര്യകുമാര്‍ യാദവിന്റെ ഫോം. ബാറ്റിങ് നിരയില്‍ ക്യത്യമായൊരു സ്ഥാനമില്ലാതെ തുടരുന്ന അക്സര്‍ പട്ടേലും ശിവം ദുബെയുമൊക്കെ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി 20ക്ക് ധരംശാലയില്‍ ഇറങ്ങുമ്പോള്‍ ഗൗതം ഗംഭീറിന്റെ മുന്നിലുയരുന്ന ചോദ്യങ്ങളുടെ എണ്ണം ചെറുതല്ല. മുലൻപൂരില്‍ നിരാശപ്പെടുത്തിയെങ്കിലും ആകെ ആശ്വാസമായുള്ളത് സ്ഥിരതയോടെ പന്തെറിയുന്ന ജസ്പ്രിത് ബുമ്രയുടെ സംഘം മാത്രമാണെന്ന് പറയേണ്ടി വരും. പരമ്പരയില്‍ മുന്നേറാൻ ഒരുങ്ങുന്ന ഇന്ത്യക്ക് മുന്നിലെ വെല്ലുവിളികളെന്തെല്ലാം.

എല്ലാം കണ്ണുകളും ഉപനായകൻ ശുഭ്മാൻ ഗില്ലിന്റെ ബാറ്റുകളിലായിരിക്കും. പരമ്പരയില്‍ ഇതുവരെ ആദ്യ ഓവര്‍ അതിജീവിക്കാൻ ഗില്ലിന്റെ ബാറ്റിന് സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങളില്‍ മൂന്ന് പന്തുകള്‍, നാല് റണ്‍സ്. ട്വന്റി 20യില്‍ ഉപനായകന്റെ കുപ്പായമിട്ട് ഓപ്പണറുടെ റോള്‍ വഹിക്കാനെത്തിയതിന് ശേഷം ഇതുവരെ തിളങ്ങിയിട്ടില്ല. ഈ വര്‍ഷം ഫോര്‍മാറ്റില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാനായിട്ടില്ല വലം കയ്യൻ ബാറ്റര്‍ക്ക്. ഓപ്പണറായി സ്ഥിരതയോടെ തിളങ്ങിയ സഞ്ജുവിന് പിന്തള്ളിയെത്തിയ ഗില്ലിന് മുകളില്‍ സമ്മര്‍ദമുണ്ടെന്ന് തീര്‍ച്ചയാണ്.

ഇതിഹാസങ്ങള്‍പ്പോലും ഗില്ലിന്റെ സ്ഥാനത്തെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ഓപ്പണറായി 17 ഇന്നിങ്സുകളാണ് സഞ്ജു കളിച്ചത്, 178 സ്ട്രൈക്ക് റേറ്റില്‍ 522 റണ്‍സ്, മൂന്ന് സെഞ്ചുറി, ഒരു അര്‍ദ്ധ ശതകം. ഗില്‍ 35 ഇന്നിങ്സുകള്‍ ഇന്ത്യക്കായി ഓപ്പണറുടെ വേഷമണിഞ്ഞു. 28 ശരാശരിയില്‍ 841 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 140 ആണ്. ഗില്ലിന് നിരന്തരം അവസരങ്ങളൊരുങ്ങുകയും സഞ്ജു ഡഗൗട്ടിലിരിക്കുന്നതിലും നെറ്റി ചുളിക്കുന്നതില്‍ തെറ്റുപറയാനുമാകില്ല. ധരംശാല ട്വന്റി 20 മറ്റാരേക്കാള്‍ ഗില്ലിനാണ് നിര്‍ണായകമെന്ന് തീര്‍ച്ചയാണ്.

നായകസമ്മര്‍ദം സൂര്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് സമീപകാല പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. 2025ല്‍ മുപ്പത് റണ്‍സിന് മുകളില്‍ ഇന്ത്യൻ നായകൻ സ്കോര്‍ ചെയ്തത് രണ്ട് തവണ മാത്രമാണ്. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെയും പിന്നീട് ഓസ്ട്രേലിയൻ പര്യടനത്തിലും. താരത്തിന്റെ ഈ വ‍ര്‍ഷത്തെ സ്ട്രൈക്ക് റേറ്റ് 126 മാത്രമാണ്, ശരാശരി 14. കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയാണ് സൂര്യകുമാര്‍ കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം വരെ 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു വലം കയ്യൻ ബാറ്റ‍‍ര്‍ക്ക്.

ടീമിന്റെ ബാറ്റിങ് നിരയിലെ രണ്ട് സുപ്രധാന താരങ്ങളുടെ ഫോമില്ലായ്മയെ മറികടക്കാൻ അഭിഷേകിന്റേയും തിലക് വര്‍മയുടേയും പ്രകടനങ്ങള്‍ക്ക് ഒരുപരിധി വരെ സാധിച്ചിട്ടുണ്ടായിരുന്നു. ഇരുവരും പരാജയപ്പെടുന്ന മത്സരങ്ങള്‍ ചുരുക്കമായതാണ് ഇന്ത്യയുടെ പല വിജയങ്ങളും സാധ്യമായതും അല്ലെങ്കില്‍ തോല്‍വിഭാരം കുറഞ്ഞതും. ലോകകപ്പ് മുന്നില്‍ നില്‍ക്കെ സൂര്യക്കും ഗില്ലിനും മുന്നില്‍ ഫോം തിരിച്ചുപിടിക്കാൻ ഒരുപാട് മത്സരങ്ങള്‍ ബാക്കിയില്ല. പ്രോട്ടിയാസ് പരമ്പരക്ക് ശേഷം ഒരു ന്യൂസിലൻഡ് പരമ്പര മാത്രമാണ് അവശേഷിക്കുന്നത്.

അക്സര്‍ പട്ടേല്‍, ശിവം ദുബെ തുടങ്ങിയവരുടെ സ്ഥാനങ്ങളുടെ കാര്യത്തിലും വ്യക്തതയില്ലാതെയാണ് ഓരോ പരമ്പരകളും കടന്നുപോകുന്നത്. അക്സറിന് മൂന്നിലും അഞ്ചിലും ആറിലുമൊക്കെ ക്രീസിലെത്തേണ്ടി വന്നിട്ടുണ്ട്. അക്സറിനേക്കാള്‍ മികച്ച ബാറ്റര്‍മാര്‍ ഡഗൗട്ടിലുള്ള സാഹചര്യത്തിലും ഇത് ആവര്‍ത്തിക്കുന്നുവെന്നതിനും ഉത്തരം കണ്ടെത്താനാകുന്നില്ല. സ്പിൻ ബാഷറായ ശിവം ദുബെയെ അതിനായി മാത്രം കാത്തുവെക്കുന്നതിനും ന്യായീകരണങ്ങള്‍ കണ്ടെത്താൻ കഴിയാതെ പോകുന്നു. കൃത്യമായൊരു ബാറ്റിങ് നിരയൊരുക്കാതെയാണ് ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്നത്.

ഹാര്‍ദിക്ക് പാണ്ഡ്യയുടെ വരവ് ടീമിന്റെ ബാലൻസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ അത് വ്യക്തവുമായിരുന്നു. ബുമ്രയ്ക്കും അര്‍ഷദീപിനുമൊപ്പം ഹാര്‍ദിക്ക് കൂടെയെത്തുമ്പോള്‍ ബൗളിങ് തലവേദനകള്‍ സൂര്യകുമാറിനെ അലട്ടില്ല. കൂടാതെ മധ്യനിരയിലും ഫിനിഷിങ്ങും അനായാസം തനിക്ക് വഴങ്ങുമെന്നും തെളിയിക്കാൻ ഹാര്‍ദിക്കിന് സാധിച്ചിട്ടുണ്ട്.