രഹാനെയും പൂജാരയും മികച്ച കളിക്കാരാണ്. അതുകൊണ്ടുതന്നെ അവര്‍ രഞ്ജിയില്‍ കളിച്ച് റണ്‍സടിച്ചുകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരത് ചെയ്യുമെന്ന് എനിക്കുറപ്പാണ്. ഇത്രയും രാജ്യാന്തര മത്സരങ്ങള്‍ കളിച്ചെങ്കിലും രഞ്ജി ട്രോഫിയിലേക്ക് തിരിച്ചുപോകുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

മുംബൈ: ഫോം നഷ്ടമായി ടെസ്റ്റ് ടീമിലെ സ്ഥാനംപോലും തുലാസിലായ അജിങ്ക്യാ രഹാനെയോടും(Ajinkya Rahane) ചേതേശ്വര്‍ പൂജാരയോടും(Cheteshwar Pujara) രഞ്ജി ട്രോഫിയില്‍ (Ranji Trophy)കളിച്ച് ഫോം തെളിയിക്കാന്‍ ആവശ്യപ്പട്ട് ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫി വീണ്ടും തുടങ്ങാനിരിക്കെയാണ് ഗാഗുലിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തിയതോടെ ഇരുവരുടെയും ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവരും ടീമിലുണ്ടാകുമോ എന്നതും സംശയമാണ്. രഹാനെയും പൂജാരയും ഏകദിന ടീമില്‍ കളിക്കാത്തതിനാല്‍ അവര്‍ക്ക് രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും രഞ്ജി കളിച്ച് ഫോം തെളിയിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുമെന്നും സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. 2005ല്‍ ഫോം നഷ്ടമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഗാംഗുലി പിന്നീട് രഞ്ജിയില്‍ കളിച്ച് ഫോം തിരിച്ചുപിടിച്ച് ടീമില്‍ തിരിച്ചെത്തിയിരുന്നു.

രഹാനെയും പൂജാരയും മികച്ച കളിക്കാരാണ്. അതുകൊണ്ടുതന്നെ അവര്‍ രഞ്ജിയില്‍ കളിച്ച് റണ്‍സടിച്ചുകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരത് ചെയ്യുമെന്ന് എനിക്കുറപ്പാണ്. ഇത്രയും രാജ്യാന്തര മത്സരങ്ങള്‍ കളിച്ചെങ്കിലും രഞ്ജി ട്രോഫിയിലേക്ക് തിരിച്ചുപോകുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. രഞ്ജി ട്രോഫി വലിയ ടൂര്‍ണമെന്‍റാണ്. ഞങ്ങളെല്ലാം രഞ്ജിയില്‍ കളിച്ചുവന്നവരാണ്-ഗാംഗുലി വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധികള്‍ മൂലം വെല്ലുവിളികള്‍ ഒരുപാട് നേരിടേണ്ടിവന്നെങ്കിലും ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിയേക്കാള്‍ വെല്ലുവിളിയുള്ളതല്ലെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ മാസം 13ന് ആരംഭിക്കാനിരുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്‍റ് കൊവിഡിനെത്തുടര്‍ന്ന് ഒരു മാസത്തേക്ക് മാറ്റിവെച്ചിരുന്നു. ഫെബ്രുവരി 16 മുതലാണ് പുതിയ രഞ്ജി സീസണ്‍ ആരംഭിക്കുന്നത്.