ചെന്നൈ: ഐപിഎല്ലില്‍ താരങ്ങളുടെ കൂടുമാറ്റവും കൈയൊഴിയലുകളും പൂര്‍ത്തിയായി. ഇനി അടുത്തമാസം നടക്കുന്ന താരലേലത്തിനായുള്ള കാത്തിരിപ്പാണ്. ഐപിഎല്ലില്‍ വയസന്‍ പടയെന്ന് ചീത്തപ്പേരുണ്ടെങ്കിലും ഏറ്റവും കുറവ് താരങ്ങളെ ഒഴിവാക്കിയ ടീമാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്.

എം എസ് ധോണിയെയും സുരേഷ് റെയ്നയെയും പോലെ വര്‍ഷങ്ങളായി ചെന്നൈയുടെ വിശ്വസ്തതാരങ്ങളിലൊരാളാണ് രവീന്ദ്ര ജഡേജ. ഇത്തവണ ചെന്നൈ കൈവിടാത്ത താരങ്ങളിലൊരാളും ജഡേജയാണ്. എന്നാല്‍ താരങ്ങളുടെ കൂടുമാറ്റം പൂര്‍ത്തിയായതിന് പിന്നാലെ രവീന്ദ്ര ജഡേജയെ മുംബൈക്ക് കൈമാറുന്നോ എന്ന ചോദ്യവുമായി ഒരു ആരാധകന്‍ എത്തി. ജഡേജയെ കൂടി കിട്ടിയാല്‍ മുംബൈനിര പൂര്‍ണമാവുമെന്നും ആരാധകന്‍ കുറിച്ചു.

എന്നാല്‍ അസാധ്യമായ കാര്യമാണ് അതെന്നായിരുന്നു ആരാധകന്റെ ട്വീറ്റിന് ചെന്നൈയുടെ മറുപടി. 2018ല്‍ ഐപിഎല്ലില്‍ തിരിച്ചെത്തിയശേഷം റെയ്നക്കും ധോണിക്കുമൊപ്പം ചെന്നൈ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് ജഡേജ. ഏഴ് കോടി രൂപയാണ് ചെന്നൈയില്‍ ജഡേജയുടെ പ്രതിഫലം. അടുത്തമസാം 19ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.