ഐപിഎല്‍ പതിനെട്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് നിരയില്‍ ഏറ്റവും പരാജയമായത് 24 കോടിയോളം രൂപ മുടക്കി ടീം വിളിച്ചെടുത്ത ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്
ബെംഗളൂരു: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരം മഴ കൊണ്ടുപോയതോടെയാണ് കെകെആര്‍ പുറത്തായത്. എന്തൊക്കെയാണ് ഈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്.
ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിന് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ടീം നിലനിര്‍ത്തിയില്ല എന്നതായിരുന്നു കെകെആര്‍ 2025 സീസണില്‍ കാണിച്ച ആനമണ്ടത്തരം എന്നായിരുന്നു വിലയിരുത്തലുകള്‍. ശ്രേയസിന് പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയ വെറ്ററന്‍ അജിങ്ക്യ രഹാനെ മോശമാക്കിയില്ലെങ്കിലും ടീമെന്ന ആകെത്തുകയില്‍ കെകെആര്‍ കഴിഞ്ഞ സീസണിന്‍റെ നിഴല്‍ മാത്രമായി. ശ്രേയസ് പോയത് മാറ്റിനിര്‍ത്തിയാല്‍ വലിയ മാറ്റമൊന്നും ബാറ്റിംഗ് ലൈനപ്പില്‍ കെകെആറിന് ഇത്തവണയുണ്ടായിരുന്നില്ല.
എന്നാല്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ക്വിന്‍റണ്‍ ഡിക്കോക്കും ഫോമിലേക്ക് എത്തിയില്ല. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് സുനില്‍ നരെയ്ന്‍ മാത്രം. കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിരയില്‍ ഏറ്റവും പരാജയമായത് 24 കോടിയോളം രൂപ മുടക്കി ടീം വിളിച്ചെടുത്ത ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്. 2024 ഫൈനലില്‍ സണ്‍റൈസേഴ്സിനെതിരെ വെങ്കി 26 പന്തില്‍ പുറത്താവാതെ 52 റണ്‍സുമായി ഹീറോയായെങ്കില്‍ ഇത്തവണ 11 മത്സരങ്ങളില്‍ താരത്തിനാകെ 142 റണ്‍സേയുള്ളൂ. വെടിക്കെട്ട് വീരന്‍മാരായ റിങ്കു സിംഗിനും ആന്ദ്രേ റസലിന് മാച്ച് വിന്നര്‍മാരാകാന്‍ ശേഷിയുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. റസല്‍ അവസാന രണ്ട് കളിയില്‍ മാത്രമാണ് ബാറ്റിംഗില്‍ ഫോമിലേക്ക് എത്തിയത്.
ബൗളിംഗിലാവട്ടെ, മിച്ചല്‍ സ്റ്റാര്‍ക്കിനെ വിട്ടുകളഞ്ഞത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി. കഴിഞ്ഞ ഫൈനലില്‍ രണ്ട് വിക്കറ്റുമായി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ക്കിന് ഉചിതമായ പകരക്കാരനെ കൊണ്ടുവരാന്‍ കൊല്‍ക്കത്തയ്ക്കായില്ല. ആന്‍റിച്ച് നോര്‍ക്യയെ ആണേല്‍ പരിക്ക് പിടികൂടുകയും ചെയ്തു. ബൗളിംഗില്‍ വൈഭവ് അറോറയും ഹര്‍ഷിത് റാണയും വിക്കറ്റുകള്‍ നേടുന്നുണ്ടായിരുന്നെങ്കിലും അടിവാങ്ങിക്കൂട്ടി. വൈഭവിന് 10ലധികവും ഹര്‍ഷിതിന് 10നടുത്തുമാണ് ഇക്കോണമി. മികച്ച ബൗളര്‍ എന്ന് പറയാന്‍ കഴിയുന്നത് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി മാത്രമായിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ നരെയ്‌നും മോശമല്ലാതെ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകള്‍ കുറഞ്ഞു.
റസല്‍ ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും അമ്പേ പരാജയമായി. 11ലധികം ഇക്കോണമിയിലാണ് റസല്‍ ഈ ഐപിഎല്‍ സീസണില്‍ പന്തെറിഞ്ഞത്. കഴിഞ്ഞ വട്ടം 19 വിക്കറ്റുകള്‍ വീഴ്ത്തിയ റസലിന് ഈ സീസണില്‍ ഇതുവരെ 8 പേരെയെ പുറത്താക്കാനായിട്ടുള്ളൂ.
എവിടെയാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പിഴച്ചത്. ശ്രേയസ് അയ്യര്‍ പോയതിനേക്കാള്‍ അവര്‍ക്ക് തിരിച്ചടിയായത് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൈവിട്ടതാണ്. അയ്യരുടെ വിടവ് കുറച്ചെങ്കിലും രഹാനെ നികത്തിയെങ്കിലും സ്റ്റാര്‍ക്കിന് പകരമൊരു മാച്ച് വിന്നര്‍ പേസര്‍ കെകെആറിന് ഇല്ലാതെ പോയി. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിരുന്ന റസലും റാണയും ഇത്തവണ നിരാശപ്പെടുത്തുകയും ചെയ്തു. അയ്യരുടെ ടീം സ്പിരിറ്റ് രഹാനെയ്ക്ക് ഇല്ലാതെ പോയതും കൊല്‍ക്കത്തയെ പിന്നോട്ടടിച്ചു എന്നുകാണാം. 2024ല്‍ 488 റണ്‍സും 17 വിക്കറ്റുമായി നരെയ്‌നായിരുന്നു കെകെആറിന്‍റെ കിരീട നേട്ടത്തില്‍ ഏറ്റവും നിര്‍ണായമായത് എങ്കില്‍ ഇത്തവണ അതേ നരെയ്‌ന് ഇതുവരെ 215 റണ്‍സും 10 വിക്കറ്റുമേയുള്ളൂ.


