എന്നാൽ 14-ാം ഓവറിന് ശേഷമുള്ള സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിലകിനോട് ദേഷ്യപ്പെടുന്ന രീതിയില്‍ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിനായി അതിവേഗ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യൻസ് താരം തിലക് വര്‍മ ഫയറായത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ശകാരത്തിനുശേഷം. 45 പന്തിൽ പുറത്താകാതെ 101 റൺസ് അടിച്ചുകൂട്ടിയ തിലക്, മുംബൈ ഇന്ത്യൻസ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും സ്വന്തം പേരിലാക്കി. തുടക്കത്തിൽ ക്രീസിൽ വല്ലാതെ ബുദ്ധിമുട്ടിയ തിലക്, നേരിട്ട ആദ്യ 22 പന്തിൽ വെറും 19 റൺസ് മാത്രമാണ് നേടിയിരുന്നത്. മുംബൈ 150? ഒതുങ്ങുമെന്ന് തോന്നിച്ച നിമിഷമായിരുന്നു അത്.

എന്നാൽ 14-ാം ഓവറിന് ശേഷമുള്ള സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിലകിനോട് ദേഷ്യപ്പെടുന്ന രീതിയില്‍ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഹാർദിക് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും, ആ വാക്കുകൾ തിലകിനെ ഫയറാക്കി. അടുത്ത 23 പന്തുകളിൽ നിന്ന് തിലക് അടിച്ചുകൂട്ടിയത് 82 റൺസായിരുന്നു. ഏഴ് കൂറ്റൻ സിക്സറുകളും എട്ട് ഫോറുകളും തിലകിന്‍റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ബൗണ്ടറി നേടി ഐപിഎല്ലിലെ ആദ്യ സെഞ്ചുറി തികച്ചശേഷം ക്യാപ്റ്റനുള്ള മറുപടി തിലക് നല്‍കുകയും ചെയ്തെന്നാണ് ആരാധകര്‍ പറയുന്നത്.

മുംബൈ ബാറ്റിംഗ് നിര തുടക്കത്തിൽ റബാഡയുടെ ബൗളിംഗിന് മുന്നില്‍ വിറച്ചിരുന്നു. മുംബൈയുടെ മൂന്ന് മുൻനിര വിക്കറ്റുക വീഴ്ത്തിയാണ് തുടക്കത്തിലെ മുംബൈയെ ബാക്ക് ഫൂട്ടിലാക്കിയത്. ഒരു സിക്സും ഫോറുമടിച്ച് അപകടകാരിയാകുമെന്ന് തോന്നിച്ച സൂര്യകുമാർ യാദവിനെ (15) 152 കിലോമീറ്റർ വേഗതയിലുള്ള പന്തിൽ റബാഡ ക്ലീൻ ബൗൾഡാക്കി. ക്വിന്റൺ ഡി കോക്ക് (13), ഡാനിഷ് മലേവർ (2) എന്നിവരും റബാഡയുടെ വേഗതയ്ക്ക് മുന്നിൽ കീഴടങ്ങി.

View post on Instagram
 

 

റബാഡ തളച്ചിട്ട റൺറേറ്റ് പ്രസിദ്ധ് കൃഷ്ണയുടെ ഓവറുകളിലൂടെയാണ് മുംബൈ തിരിച്ചുപിടിച്ചത്. പ്രസിദ്ധ് എറിഞ്ഞ അവസാന രണ്ട് ഓവറുകളിൽ നിന്ന് മാത്രം 41 റൺസാണ് മുംബൈ അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ (16) പിന്തുണ നൽകിയപ്പോൾ തിലക് തകര്‍ത്തടിച്ചു. അവസാന 6 ഓവറിൽ മാത്രം 96 റൺസാണ് മുംബൈ നേടിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 43 റൺസ് മാത്രം നേടിയ തിലകിന്‍റെ അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു ഗുജറാത്തിനെതിരെ കണ്ടത്.

View post on Instagram
 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക