സ്വിങ് ബൗളിങ്ങിന്റെ എല്ലാ സൗന്ദര്യവും വിക്കറ്റില്‍ നിന്ന് ആവാഹിക്കാൻ കെല്‍പ്പുള്ള ചഹര്‍ ഇന്നലെ അതിന് ശ്രമിച്ചോയെന്നറിയില്ല

245 റണ്‍സ് 18.3 ഓവറില്‍ അനായാസം പിന്തുടര്‍ന്ന് ജയിച്ചുവരുന്ന ബാറ്റിംഗ് നിര. 55 പന്തില്‍ 141 റണ്‍സ് എന്ന അത്ഭുത ഇന്നിങ്സിന് ശേഷം അഭിഷേക് ശ‍ര്‍മ. കൂട്ടിന് ട്രാവിസ് ഹെഡും അത്ര വലിപ്പമില്ലാത്ത വാംഖഡയും. Can you keep these batting line up quiet? മുംബൈ ഇന്ത്യൻസ് പറയുന്നു, Yes we can! ജസ്പ്രിത് ബുംറ, ട്രെൻ ബോള്‍ട്ട്, ദീപക് ചഹര്‍ ത്രയം. 

സ്വിങ് ബൗളിങ്ങിന്റെ എല്ലാ സൗന്ദര്യവും വിക്കറ്റില്‍ നിന്ന് ആവാഹിക്കാൻ കെല്‍പ്പുള്ള ചഹര്‍ ഇന്നലെ അതിന് ശ്രമിച്ചോയെന്നറിയില്ല. ലെങ്‌ത് ബോളില്‍ ക്രീസിവിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ച അഭിഷേകിന് പിഴയ്ക്കുന്നു, സ്ലിപ്പില്‍ വില്‍ ജാക്‌സിന്റെ കൈകള്‍ തുണച്ചിരുന്നെങ്കില്‍ മുംബൈക്ക് ലഭിക്കേണ്ടിയിരുന്നത് വാംഖഡ ആര്‍ത്തിരമ്പുന്ന നിമിഷമായിരുന്നു. 

ലെങ്ത്, ഫുള്‍ ലെങ്ത് പന്തുകളുമായി ഹൈദരാബാദ് ഓപ്പണര്‍മാരുടെ കണക്കുകൂട്ടലാകെ തെറ്റിച്ചാണ് ചഹ‍ര്‍ തുടങ്ങിയത്. അഭിഷേകിനെ രണ്ട് തവണയും ഹെഡിനെ ഒരു പ്രാവശ്യവും പുറത്താക്കാനുള്ള അവസരങ്ങള്‍ ചഹര്‍ സൃഷ്ടിച്ചു. ടു പേസ്‌ഡായുള്ള വിക്കറ്റില്‍ ടൈമിങ് കണ്ടെത്താനാകാതെ മാത്രമല്ല, ഫുള്‍ ടോസുകള്‍ പോലും ബൗണ്ടറിപായിക്കാൻ അനുവദിക്കാതെയായിരുന്നു മുംബൈയുടെ കൃത്യത.

ബോള്‍ട്ടും ചഹറിന്റെ അതേ പാതയിലായിരുന്നു, ബൗണ്ടറിക്കായി അക്ഷമനായിരുന്ന അഭിഷേക് നിരന്തരം ക്രീസുവിട്ടിറങ്ങിയെങ്കിലും പന്തും ബാറ്റും തമ്മില്‍ കണക്ഷൻ സൃഷ്ടിക്കാനായില്ല. പവര്‍പ്ലേയില്‍ തന്നെ കളി വിഴുങ്ങുന്ന ട്രാവിഷേകിന് ആദ്യ മൂന്ന് ഓവറില്‍ നേടാനായത് 22 റണ്‍സ് മാത്രം. ലെങ്ത്, ഷോര്‍ട്ട് ഓഫ് ദ ലെങ്ത് പന്തുകള്‍ കൃത്യതയോടെ എത്തിയതും അണ്‍പ്രെഡിക്ടബിളായിരുന്ന വിക്കറ്റും ഇരുവരുടേയും ബാറ്റിനെ നിശബ്ദമാക്കി നിര്‍ത്തി.

നാലാം ഓവറില്‍ ബുംറ വരുന്ന. ആദ്യ പന്തുതന്നെ ഓഫ് കട്ടര്‍. പിന്നാലെ വന്നത് യോര്‍ക്കര്‍. അടുത്തത് ലെങ്ത് ബോള്‍. നാലാം പന്ത് ഷോര്‍ട്ട്, അഭിഷേകിന് എഡ്ജില്‍ നിന്ന് ഫോര്‍. അഞ്ചാം പന്തും ഓഫ് കട്ടറായിരുന്നു. ഫുള്‍ ലെങ്ത് പന്തോടെയാണ് ബുംറ ഓവര്‍ അവസാനിപ്പിച്ചത്. വേരിയേഷനുകളാല്‍ സമ്പന്നമായ ഓവര്‍.

ചഹര്‍ എറിഞ്ഞ പവര്‍പ്ലെയിലെ അഞ്ചാം ഓവറില്‍ മാത്രമാണ് അഭിഷേകിന്റെ പഞ്ചാബിനെതിരായ ഇന്നിങ്സിന്റെ ഗ്ലിംസ് കാണാനായത്. സ്ലോ ബോളുകള്‍ വിട്ട്, പേസ് ഓഫര്‍ ചെയ്ത ചഹറിന് പിഴച്ചു. ഹൈദരാബാദ് ബാറ്റര്‍മാര്‍ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന് തോന്നിച്ചെങ്കിലും പവര്‍പ്ലെയിലെ അവസാന ഓവറില്‍ ബുംറ അത് തിരുത്തി. യോര്‍ക്കറും ഓഫ് കട്ടറുകളും, വന്നത് മൂന്ന് റണ്‍സ് മാത്രം. 

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് നിരയെ മുംബൈ പിടിച്ചുകെട്ടിയെന്ന് സാരം. 2022ന് ശേഷം വിക്കറ്റ് നഷ്ടപ്പെടാതെയുള്ള ഏറ്റവും മോശം പവര്‍പ്ലെ സ്കോറായിരുന്നു വാംഖഡയില്‍ മുംബൈ ഹൈദരാബാദിന് സമ്മാനിച്ച്. ട്രാവിഷേക് സഖ്യത്തിന് ഷോട്ടില്‍ നിയന്ത്രണം പോലുമില്ലാത്ത 15 പന്തുകള്‍ പവര്‍പ്ലെയില്‍ വന്നു.

പവര്‍പ്ലെയുടെ ബാക്കി പത്രമായിരുന്നു പിന്നീട്. 300 പിറക്കുമെന്ന് പ്രതീക്ഷിച്ച ഡെയില്‍ സ്റ്റെയിനും നിരാശ. വിക്കറ്റുകളുടെ ഉത്തരവാദിത്തം ജാക്സും ഹാര്‍ദിക്കും ഏറ്റെടുത്തു. ഹെഡിന്റെ സ്ട്രൈക്ക് 96 ആയിരുന്നു. ഐപിഎല്‍ കരിയറില്‍ തന്നെ ഹെഡ് ബൗണ്ടറി കണ്ടെത്താൻ ഇത്രയേറെ വിഷമിച്ച മത്സരമുണ്ടായിട്ടുണ്ടോയെന്നും സംശയമാണ്. 

അവസാന നാല് ഓവറുകളില്‍ ഒരു വശത്ത് ബോള്‍ട്ടിന്റേയും ബുംറയുടേയും ക്ലാസ്. മറുവശത്ത് ചഹറിനേയും ഹാര്‍ദിക്കിനേയും ശിക്ഷിച്ച ഹൈദരാബാദ്. യോര്‍ക്കറുകള്‍ ലോ ഫുള്‍ടോസുകളും നിറഞ്ഞ ബോള്‍ട്ടിന്റെ 17-ാം ഓവറില്‍ മൂന്ന് റണ്‍സാണ് ഹൈദരാബാദിന് നേടാനായത്. നിതീഷിന്റെ വിക്കറ്റും പൊലിഞ്ഞു. 

സിക്സര്‍ മെഷീനുകള്‍ നിറഞ്ഞ ബാറ്റിങ് നിരയ്ക്ക് ആദ്യ സിക്സ് കണ്ടെത്താൻ 18-ാം ഓവ‍ര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ചഹറെറിഞ്ഞ 18-ാം ഓവറില്‍ 22 റണ്‍സ്. ബുംറയുടെ 19-ാം ഓവറിലെ ആദ്യ പന്ത് ക്ലാസന്റെ ഓഫ് സ്റ്റമ്പ് മൈതാനാത്ത് പതിച്ചു, ഓവറില്‍ വന്നത് നാല് റണ്‍സ് മാത്രം. അവസാന ഓവറില്‍ ഹാര്‍ദിക്കിനും പിഴച്ചു.

പക്ഷേ, ഹൈദരാബാദ് നേടിയ അഞ്ച് സിക്സറുകളില്‍ രണ്ടെണ്ണം മാത്രമായിരുന്നു മികച്ച ഷോട്ടുകള്‍. ഒന്ന് ക്ലാസന്റേയും മറ്റൊന്ന് അനികേതിന്റേയും. ബാക്കി മൂന്നും മുംബൈയുടെ ഫുള്‍ടോസ് സമ്മാനങ്ങളായിരുന്നു. 

ഇരുടീമുകളുടേയും ബൗളര്‍മാര്‍ എറിഞ്ഞ ഡോട്ട് ബോളുകളുടെ എണ്ണം സമാനമാണ്. പക്ഷേ, മുംബൈ ബാറ്റര്‍മാര്‍ ബൗണ്ടറികള്‍ കണ്ടെത്തി. ടു പേസ്ഡായുള്ള വിക്കറ്റില്‍ സണ്‍റൈസേഴ്സ് ബാറ്റിംഗ് നിര എത്രത്തോളം വീക്കാണെന്ന് തെളിഞ്ഞ മത്സരം. ഹൈദരാബാദിലെ വിക്കറ്റില്‍ നിരന്തരം വിളയാടുന്നവര്‍ക്ക് റണ്‍ വരള്‍ച്ച. 

മുംബൈ ബൗളര്‍മാര്‍ക്കാണ് 100 മാര്‍ക്ക്. വിക്കറ്റിന്റെ കോളം അത്ര നിറഞ്ഞിരുന്നില്ല. അഞ്ച് വിക്കറ്റ് മാത്രമാണ് 120 പന്തില്‍ നേടാനായത്. പക്ഷേ, പോയിന്റ് പട്ടികയില്‍ ചേര്‍ക്കപ്പെട്ട ആ രണ്ട് പോയിന്റ്, അത് ബൗളര്‍മാരുടെ സംഭാവനയാണ്.