പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 601നെതിരെ ദക്ഷിണാഫ്രിക്ക 275ന് എല്ലാവരും പുറത്താവുകയായിരുന്നു. 72 റണ്‍സ് നേടിയ കേശവ് മാഹാരാജാണ്  ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് മൂന്ന് വിക്കറ്റുണ്ട്.

മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. മഹാരാജിന് പുറമെ ഡി ബ്രുയ്ന്‍ (30), ആന്റിച്ച് നോര്‍ജെ (3), ക്വിന്റണ്‍ ഡി കോക്ക് (31), ഫാഫ് ഡു പ്ലെസിസ് (64), സെനുരന്‍ മുത്തുസാമി (7), കഗിസോ റബാദ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. വെര്‍നോന്‍ ഫിലാന്‍ഡര്‍ (44) പുറത്താവാതെ നിന്നു.  ഡീന്‍ എല്‍ഗാര്‍(6). ഏയ്ഡന്‍ മാര്‍ക്രം(0), തെംബാ ബാവുമ(8) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിയിരുന്നു. 

ഇന്ന് അഞ്ച് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. നോര്‍ജെയെ മുഹമ്മദ് ഷമി സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ടായിരുന്ന ഡി ബ്രൂയ്ന്‍, ഉമേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി. പിന്നീട് ഡു പ്ലെസിസ്- ഡി കോക്ക് സഖ്യം അല്‍പ സമയം പിടിച്ചു നിന്നെങ്കിലും അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. ഡി കോക്ക് ബൗള്‍ഡാവുകയായിരുന്നു.

ഡു പ്ലെസിയെ അശ്വിന്‍ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചപ്പോള്‍ മുത്തുസാമി ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. പിന്നീട് മഹാരാജ്- ഫിലാന്‍ഡര്‍ സഖ്യം 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വന്‍തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചതും ഈ കൂട്ടുകെട്ട് തന്നെ. എന്നാല്‍ മഹാരാജിനെ പുറത്താക്കി അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. റബാദയാവട്ടെ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മുഹമ്മദദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജയ്ക്കാണ് ഒരു വിക്കറ്റ്്. 

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും (പുറത്താവാതെ 254) മായങ്ക് അഗര്‍വാളിന്റെ (108) സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ കോലി 173 പന്തുകളില്‍ 26-ാം ടെസ്റ്റ് ശതകത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഹോം ടെസ്റ്റില്‍ കോലിയുടെ ആദ്യ ശതകമാണിത്. 

ടെസ്റ്റിലെ കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഈ വര്‍ഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ നൂറ് തികയ്ക്കുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിലും മൂന്നക്കം തികയ്ക്കാന്‍ കോലിക്കായിരുന്നില്ല. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ സിക്സറിനായുള്ള ശ്രമത്തില്‍ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.