മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി സ്ഥാനമൊഴിയുന്ന ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ്. ധോണിയുടെ ഭാവി സംബന്ധിച്ച് തന്‍റെ നിലപാട് വീണ്ടും വ്യക്തമാക്കുകയും ചെയ്തു പ്രസാദ്. 

'മറ്റാരെയും പോലെ ധോണിയുടെ വലിയ ആരാധകനാണ് ഞാന്‍. രണ്ട് ലോകകപ്പ് നേടി സൂര്യനുകീഴില്‍ സാധ്യമായതെല്ലാം ധോണി കൈക്കുമ്പിളിലാക്കി. രണ്ട് ലോകകപ്പുകള്‍, ചാമ്പ്യന്‍സ് ട്രോഫി, ഒന്നാം നമ്പര്‍ ടെസ്റ്റ് പദവി- ധോണിയുടെ നേട്ടങ്ങളെയും കരിയറിനെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല' എന്നും സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ എം എസ് കെ പ്രസാദ് പറഞ്ഞു.

ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ചുള്ള തന്‍റെ നിരീക്ഷണം ആവര്‍ത്തിച്ചു എം എസ് കെ പ്രസാദ്. ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദേഹം തന്നെയാണ് എന്ന് പ്രസാദ് പറഞ്ഞു. എം എസ് ധോണിയുടെ പിന്‍ഗാമിയായി പരിഗണിക്കുന്നത് ഋഷഭ് പന്തിനെയാണെന്നും യുവതാരങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് മുന്‍ നായകനുള്ളതെന്നും എം എസ് കെ പ്രസാദ് മുന്‍പ് വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ല. ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് അടുത്തിടെ ധോണി പുറത്തായിരുന്നു. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മഹി ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി.