ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ഞാനെന്‍റെ മൊബൈല്‍ ഫോണില്‍ ഗൂഗൂളില്‍ നിന്നൊരു ചിത്രമെടുത്ത് സ്ക്രീൻ സേവറാക്കിയിരുന്നു. ഫോണിലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി സിറാജ് പറഞ്ഞു.
ഓവല്‍: ഓരോ പന്തും എറിയുന്നത് തനിക്കുവേണ്ടിയല്ലെന്നും രാജ്യത്തിനുവേണ്ടിയാണെന്നും തുറന്നുപറഞ്ഞ് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ് 23 വിക്കറ്റുകള്‍ എറിഞിട്ട് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നമനായാണ് സിറാജ് മടങ്ങുന്നത്. ഓവല്‍ ടെസ്റ്റ് ജയത്തിനുശേഷം എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സിറാജ് ഹൃദയം തൊടുന്ന മറുപടി നല്‍കിയത്.
സത്യസന്ധമായി പറഞ്ഞാല്‍ എന്‍റെ ശരീരത്തിന് യാതൊരു തളര്‍ച്ചയുമില്ല. 187 ഓവറുകളോളം ഞാനീ പരമ്പരയില്‍ എറിഞ്ഞു. പക്ഷെ നിങ്ങൾ രാജ്യത്തിനായി കളിക്കുമ്പോള്‍ എല്ലാം നല്‍കണം. മറ്റൊന്നിനെക്കുറിച്ചു അധികം ചിന്തിക്കാറില്ല. തുടര്‍ച്ചയായി ആറോവര്‍ എറിഞ്ഞുവെന്നോ ഒമ്പത് ഓവര്‍ എറിഞ്ഞുവെന്നോ ഞാന്‍ ചിന്തിക്കാറില്ല. ഓരോ പന്തും എറിയുന്നത് രാജ്യത്തിനുവേണ്ടിയാണ്. അല്ലാതെ എനിക്ക് വേണ്ടിയല്ല. രാജ്യത്തിനായി കളിക്കുമ്പോള്‍ എല്ലാം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്.
ഇംഗ്ലണ്ടില്‍ മാത്രമല്ല ഓസ്ട്രേലിയയിലും ഞാന്‍ 20 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജസ്പ്രീത് ബുമ്രക്കൊപ്പം പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദം നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താനാവുമെന്ന ആത്മവിശ്വാസം എനിക്കെപ്പോഴും ഉണ്ട്. ഞാന്‍ ആദ്യ സ്പെല്ലെറിയുമ്പോഴും എട്ടാം സ്പെല്ലെറിയുമ്പോഴും എന്‍റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കാറുള്ളത്. അതിന്‍റെ ഫലത്തെക്കുറിച്ച് ചിന്തിക്കാറില്ല.
ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ഞാനെന്‍റെ മൊബൈല്‍ ഫോണില്‍ ഗൂഗൂളില്‍ നിന്നൊരു ചിത്രമെടുത്ത് സ്ക്രീൻ സേവറാക്കിയിരുന്നു. ഫോണിലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി സിറാജ് പറഞ്ഞു. കാരണം എനിക്ക് ഇന്ത്യയെ ജയത്തിലെത്തിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. സാധാരണ എട്ട് മണിക്ക് എഴുന്നേല്‍ക്കാറുള്ള ഞാന്‍ ഇന്ന് ആറ് മണിക്ക് തന്നെ ഉണര്‍ന്നിരുന്നു. അതിനുശേഷമാണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് റൊണാള്‍ഡോയെ വാള്‍പേപ്പറാക്കിയത്.
ഇന്നലെ ഹാരി ബ്രൂക്കിന്‍റെ ക്യാച്ച് നഷ്ടമാക്കിയപ്പോഴും ലോര്‍ഡ്സില്‍ അവസാനം ഔട്ടായപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു, ദൈവമേ, എന്നോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍ ദൈവം എനിക്കുവേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇന്ന് കണ്ടതെന്നും സിറാജ് പറഞ്ഞു.


