ടി20 ലോകകപ്പ് ടീമിലേക്ക് വിരാട് കോലിയെ പരിഗണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് പരമാവധി മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു  വേണ്ടിയിരുന്നത്. ഇതുവഴി ഫോമും ആത്മവിശ്വസവും തിരിച്ചുപിടിക്കാന്‍ കോലിക്ക് കഴിയുമായിരുന്നു.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട20 പരമ്പരകളില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനെതിരെ മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. സെലക്ടര്‍മാര്‍ എന്തിനാണ് കോലിക്ക് വിശ്രമം അനുവദിച്ചതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ടി20 ലോകകപ്പ് ടീമിലേക്ക് വിരാട് കോലിയെ പരിഗണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് പരമാവധി മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. ഇതുവഴി ഫോമും ആത്മവിശ്വസവും തിരിച്ചുപിടിക്കാന്‍ കോലിക്ക് കഴിയുമായിരുന്നു. അല്ലാതെ വിശ്രമം അനുവദിക്കുന്നത് തെറ്റായ സൂചനയാണ് നല്‍കുന്നത്. കാരണം, ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ കോലി കളിക്കുന്നുണ്ടെങ്കില്‍ വലിയ സ്കോറെന്നും നേടാതെ അദ്ദേഹത്തിന് ഇറങ്ങേണ്ടിവരും. അത് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസത്തെയും ബാധിക്കും.

ഫോമിലല്ലാതിരിക്കുമ്പോള്‍ കളിക്കാര്‍ പരമാവധി മത്സരങ്ങളില്‍ കളിച്ച് ഫോം തിരിച്ചുപിടിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ക്രിക്കറ്റ് എന്ന് പറയുന്നത് ആത്മവിശ്വാസത്തിന്‍റെ കളിയാണെന്നും വെങ്‌സര്‍ക്കാര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ ആരൊക്കെ വിക്കറ്റ് കീപ്പറായി? മറുപടിയുമായി പോണ്ടിംഗ്, ഇടമുണ്ടോ സഞ്ജുവിന്

ഐപിഎല്ലിനുശേഷം വിരാട് കോലിക്ക് സെലക്ടര്‍മാര്‍ ഇത് രണ്ടാം തവണയാണ് വിശ്രമം അനുവദിക്കുന്നത്. ഐപിഎല്ലിനുശേഷം നടന്ന ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ഏകദിന, ടി20 പരമ്പരകലിലും കളിച്ച കോലിക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ വീണ്ടും വിശ്രമം അനുവദിച്ചതിനെയാണ് വെങ്സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്.

'സഞ്ജു വെല്ലുവിളിയായേക്കും, എങ്കിലും ഞാനവന്റെ ആരാധകന്‍'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ കിവീസ് താരം

ക്രിക്കറ്റില്‍ നിന്ന് ഒരുമാസത്തെ ഇടവേളയെടുക്കുന്ന കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി അടുത്ത മാസം 18ന് ആരംഭിക്കുന്ന സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ കോലി ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.