എന്‍റെ ലക്ഷ്യം ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുക എന്നത് തന്നെയാണ്. എനിക്കതിന് കഴിയുമെന്ന വിശ്വാസമുണ്ട്.
മുംബൈ: വിരമിക്കാനുദ്ദേശിക്കുന്നില്ലെന്നും വീണ്ടും ഇന്ത്യക്കായി കളിക്കാമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും തുറന്നു പറഞ്ഞ് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. തനിക്ക് പിആര്‍ ടീം ഇല്ലെന്നും തന്‍റെ കളി തന്നെയാണ് തന്‍റെ പിആര്‍ എന്നും രഹാനെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ആളുകള്‍ എന്നോട് പറയാറുണ്ട്, നിങ്ങൾ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്ന്, പക്ഷെ എനിക്കതിന് പിആര്‍ ടീമില്ല. എന്‍റെ ഒരേയൊരു പി ആര്‍ എന്ന് പറയുന്നത് ഗ്രൗണ്ടിലെ എന്‍റെ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ എല്ലായ്പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്ന് ആളുകള്‍ പറഞ്ഞതിന്‍റെ പ്രാധാന്യം ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഇല്ലെങ്കില്‍ ഞാന്‍ ഫീല്‍ഡ് ഔട്ടായെന്ന് ആളുകള്‍ കരുതും.
ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിക്കുകയാണ് എന്‍റെ ഉത്തരവാദിത്തം. എന്നാല്‍ എന്‍റെ ലക്ഷ്യം ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുക എന്നത് തന്നെയാണ്. എനിക്കതിന് കഴിയുമെന്ന വിശ്വാസമുണ്ട്. എന്നെ ആദ്യം ടീമില്‍ നിന്നൊഴിവാക്കിയശേഷം ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചാണ് ഞാന്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ കളിച്ചതും. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ കളിച്ചശേഷം എന്നെ ഒഴിവാക്കിയപ്പോൾ ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, എന്തുകൊണ്ട് ഒഴിവാക്കി എന്ന് ചോദിക്കണമെന്ന്.
എന്നാല്‍ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. അങ്ങനെ ചെയ്യുന്നത് എനിക്ക് എന്തോപോലെ തോന്നും. എന്‍റെ പരിധിയില്‍ നില്‍ക്കുന്ന കാര്യം കളിയില്‍ മാത്രം ശ്രദ്ധിച്ച് മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയുണ്ടെന്നും അജിങ്ക്യാ രഹാനെ വ്യക്തമാക്കി.
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഒരു കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ച രഹാനെ ഇത്തവണ നിലവിലെ ചാമ്പ്യൻമാരെ നയിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭക്കെതിരെ മുംബൈയെ നയിക്കുകയാണ് 36കാരനായ രഹാനെ. 2020-2021 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രഹാനെയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടിയത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മഹത്തായ വിജയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
