ആ സമയത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ദിവസത്തെ അവസാന 20 മിനിറ്റ് ബാറ്റ് ചെയ്യാന്‍ ഒരു ടീമും ആഗ്രഹിക്കില്ല. അതൊരു അവസരമായാണ് ഞങ്ങള്‍ കണ്ടത്.
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഗെയിം പ്ലാനില്‍ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് സെഷന്‍ പോലും തികച്ച് കളിക്കാതെ 78 ഓവര്‍ മാത്രം ബാറ്റ് ചെയ്ത് 393-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തതാണ് മത്സരഫലത്തില്‍ നിര്‍ണായകമായതെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ശൈലി മാറ്റില്ലെന്ന് സ്റ്റോക്സ് വ്യക്തമാക്കിയത്. 118 റണ്‍സുമായി ജോ റൂട്ടും 17 റണ്‍സോടെ ഒലി റോബിന്‍സണും ക്രീസിലുള്ളപ്പോഴായിരുന്നു ആദ്യ ദിനം സ്റ്റോക്സിന്‍റെ നാടകീയ ഡിക്ലറേഷന്‍.
ആ സമയത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ദിവസത്തെ അവസാന 20 മിനിറ്റ് ബാറ്റ് ചെയ്യാന്‍ ഒരു ടീമും ആഗ്രഹിക്കില്ല. അതൊരു അവസരമായാണ് ഞങ്ങള്‍ കണ്ടത്. 390 റണ്‍സടിച്ചശേഷം ഡിക്ലയര്‍ ചെയ്തതിലൂടെ എങ്ങനെയാണ് ഞങ്ങള്‍ കളിക്കാന്‍ പോകുന്നതെന്ന സന്ദേശം ഓസ്ട്രേലിയക്ക് നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഞങ്ങള്‍ ആ സമയം ഡിക്ലയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഈ ടെസ്റ്റില്‍ ഇപ്പോള്‍ കണ്ട ആവേശം ഉണ്ടാവുമായിരുന്നോ. അതിനെക്കുറിച്ച് എനിക്ക് 100 ശതമാനം ഉറപ്പില്ല. അതെന്തായാലും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നെങ്കിലെന്ന് തിരിഞ്ഞു നോക്കാനോ തിരുത്താനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവസാനം ഞങ്ങള്‍ക്ക് വിജയത്തില്‍ എത്താനായില്ലെന്ന് മാത്രം.
മത്സരം ആര്‍ക്കും സ്വന്തമാക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഇരുപത് വ്യക്തിഗത സാഹചര്യങ്ങളെങ്കിലും അങ്ങനെ നോക്കിയാല്‍ ഈ മത്സരത്തിലുണ്ടാകും. അതിനെ വേണമെങ്കില്‍ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കളി ഞങ്ങള്‍ക്ക് അനുകൂലമായിരുന്നെങ്കില്‍ എന്നൊക്കെ വിശകലനം ചെയ്യാമെന്ന് മാത്രം. എന്നാല്‍ ഞാന്‍ അത്തരം വിശകലനം ആഗ്രഹിക്കുന്നില്ല. ഓസ്ട്രേലിയക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനും കളി ഭൂരിഭാഗം സമയവും നിയന്ത്രിക്കാനും ഞങ്ങള്‍ക്കായി. എന്നിട്ടും തോറ്റത് വേദനിപ്പിക്കുന്നുണ്ടെങ്കിലും ഈ പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ടല്ലോ എന്നും സ്റ്റോക്സ് മത്സരശേഷം പറഞ്ഞു.
