Asianet News MalayalamAsianet News Malayalam

എല്ലാം എന്‍റെ പിഴ; ഡി കോക്കിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല: ഫഖര്‍ സമാന്‍

ഞാന്‍ ഹാരിസ് റൗഫ് ക്രീസിലെത്തിയോ എന്ന് തിരിഞ്ഞുനോക്കുന്ന തിരിക്കിലായിപ്പോയി. കാരണം ഹാരിസ് റൗഫ് വൈകിയാണ് ഓടാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ റൗഫ് ക്രീസിലെത്തുമോ എന്നതായിരുന്നു ആ സമയം എന്‍റെ ആശങ്ക.

I dont think its Quintons fault says Fakhar Zaman on his controversial run-out
Author
Johannesburg, First Published Apr 5, 2021, 11:53 AM IST

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണ്ഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഡബിള്‍ സെഞ്ചുറിക്ക് അരികെ വീണതിന് ദക്ഷിണാഫ്രിക്കന്‍ കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിനെ കുറ്റപ്പെടുത്താനാവില്ലെന്ന് പാക് താരം ഫഖര്‍ സമാന്‍. ഡി കോക്ക് തെറ്റായി ആംഗ്യം കാട്ടിയതുകൊണ്ടാണ് ഞാന്‍ പുറത്തായത് എന്ന് പറയുന്നതില്‍ കാര്യമില്ല.

ഞാന്‍ ഹാരിസ് റൗഫ് ക്രീസിലെത്തിയോ എന്ന് തിരിഞ്ഞുനോക്കുന്ന തിരിക്കിലായിപ്പോയി. കാരണം ഹാരിസ് റൗഫ് വൈകിയാണ് ഓടാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ റൗഫ് ക്രീസിലെത്തുമോ എന്നതായിരുന്നു ആ സമയം എന്‍റെ ആശങ്ക. അതെന്‍റെ തെറ്റാണ്. ബാക്കിയൊക്കെ മാച്ച് റഫറി തീരുമാനിക്കേണ്ട കാര്യമാണ്. എന്തായാലും ഇക്കാര്യത്തില്‍ ഞാന്‍ ഡി കോക്കിനെ കുറ്റം പറയില്ല-സമാന്‍ പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17 റണ്‍സ് അകലെ പാകിസ്ഥാന്‍ വീണങ്കിലും ഫഖറിന്‍റെ ഇന്നിംഗ്സ് വിരോചിതമായിരുന്നു. 193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് റണ്ണൗട്ടായത്.

49-ാം ഓവര്‍ കഴിയുമ്പോള്‍ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എന്‍ങ്കിഡി എറിഞ്ഞ അവസാന ഓവറിന്‍റെ ആദ്യ പന്ത് നേരിട്ട ഫഖര്‍ ആദ്യ പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കുമ്പോഴാണ് റണ്ണൗട്ടായത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ പാക് താരത്തിന് ക്രീസില്‍ തിരിച്ചെത്താനുള്ള അവസരമുണ്ടായിരുന്നു. അവിടെയാണ് ഡി കോക്കിന്‍റെ തന്ത്രം ഫലിച്ചത്.

രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിംഗ് എന്‍ഡിലേക്ക് കൈ ചൂണ്ടി. പന്ത് ബൗളിംഗ് എന്‍ഡിലേക്കാണ് വരുന്നതെന്ന് ഫഖറിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഡി കോക്കിന്‍റെ തന്ത്രത്തില്‍ വീണ് ഫഖറാകട്ടെ പിന്നോട്ട് നോക്കി റണ്ണിംഗ് പതുക്കെയാക്കി. എന്നാല്‍ ലോംഗ് ഓഫില്‍ നിന്നുള്ള എയ്ഡന്‍ മാര്‍ക്രമിന്‍റെ ത്രോ നേരെ വന്നത് ബാറ്റിംഗ് എന്‍ഡിലേക്കായിരുന്നു. നേരിട്ട് പന്ത് സ്റ്റംപില്‍ പതിക്കുകയും ചെയ്തു. ഇതോടെ ഫഖറിന് അര്‍ഹമായ ഇരട്ട സെഞ്ചുറി നഷ്ടമായി. വീഡിയോ കാണാം..

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ ഫെയര്‍ പ്ലേ നിയമത്തിലെ 41.5 ക്ലോസ് അനുസരിച്ച് റണ്ണിനായി ഓടുന്ന ബാറ്റ്സ്മാനെ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ മന:പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതോ, ഇടപെടുന്നതോ തടസപ്പെടുത്തുന്നതോ തെറ്റാണ്.

Follow Us:
Download App:
  • android
  • ios