രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുന്നത് ജഡേജയെ സംബന്ധിച്ച് മികച്ച നീക്കമായിരിക്കുമെന്നും കരിയര്‍ തുടങ്ങിയിയത്തുതന്നെ തിരിച്ചെത്താന്‍ 36കാരനായ ജഡേജക്കാവുമെന്നും അശ്വിന്‍.

ചെന്നൈ: ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള അണിയറ നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചെന്നൈയിലെത്തിയാല്‍ സഞ്ജുവിനോ രാജസ്ഥാനിലെത്തിയാല്‍ ജഡേജക്കോ ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനിടയില്ലെന്ന് തുറന്നുപറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ താരം ആര്‍ അശ്വിന്‍.

രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുന്നത് ജഡേജയെ സംബന്ധിച്ച് മികച്ച നീക്കമായിരിക്കുമെന്നും കരിയര്‍ തുടങ്ങിയിയത്തുതന്നെ തിരിച്ചെത്താന്‍ 36കാരനായ ജഡേജക്കാവുമെന്നും അശ്വിന്‍ പറഞ്ഞു. രാജ്കോട്ടിലെ വിക്കറ്റുകളും ജഡേജയുടെ ബൗളിംഗ് ശൈലിയെ പിന്തുണക്കുന്നതാണ്. അതുപോലെ രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ സ്ഥിരത കൊണ്ടുവരാനും ജഡേജക്കാവും. അതുപോലെ സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈക്കും ഗുണകരമാണ്. സഞ്ജുവിനെ സ്വന്തമാക്കിയാലും ചെന്നൈക്ക് ഒരു ഫിനിഷറെ കൂടി കണ്ടെത്തേണ്ടിവരുമെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ജഡേജയാണ് ആ റോള്‍ ചെന്നൈക്കുവേണ്ടി നിര്‍വഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

ജഡേജ ചെന്നൈയുടെ ചെറിയ കളിക്കാരനല്ല, മുമ്പൊന്നും ചെന്നൈ ഇത്തരമൊരു കൈമാറ്റത്തിന് തയാറായിട്ടുമില്ല. എന്നാല്‍ കൈവിടുന്നതിന് മുമ്പ് ടീം മാനേജ്മെന്‍റ് ജഡേജയോട് സംസാരിക്കുമെന്നാണ് കരുതുന്നത്. രാജസ്ഥാനിലേക്ക് പോയാലും ജഡേജക്ക് ആദ്യ സീസണില്‍ ക്യാപ്റ്റൻസി ലഭിക്കാനുള്ള സാധ്യത വിരളമാണ്.കാരണം ആദ്യ സീസണില്‍ ടീം അംഗങ്ങളുമായി ജഡേജക്ക് ഇവുകിചേരാന്‍ സമയമെടുക്കും. ഞാന്‍ രാജസ്ഥാനായി കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ട് അവിടുത്തെ സംസ്കാരം എനിക്ക് നല്ലപോലെ അറിയാം. യുവതാരങ്ങളുടെ ടീമാണത്. ബന്ധങ്ങള്‍ വഴിയാണ് അവിടെ ടീം മുന്നോട്ടുപോകുന്നത്. 

രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയാല്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍സി പ്രതീക്ഷിക്കേണ്ട. ആദ്യ സീസണില്‍ സഞ്ജുവിനെ എന്തായാലും ചെന്നൈ ക്യാപ്റ്റൻസി ഏല്‍പ്പിക്കാന്‍ സാധ്യത കുറവാണ്. റുതുരാജ് ഗെയ്ക്‌വാദ് തന്നെയാകും ചെന്നൈയെ നയിക്കുക. എന്നാല്‍ ഭാവിയില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്. ജഡേജക്ക് പകരം സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈയെ സംബന്ധിച്ച് ധാരാളം പണം കരുതിവെക്കാന്‍ സഹായിക്കും. എന്നാലും മധ്യനിരയിലെ ഫിനിഷര്‍ റോളിലേക്ക് ഒരു താരത്തെ ചെന്നൈ കണ്ടെത്തേണ്ടിവരും. താരലേലത്തിനെത്തിയാല്‍ ഫിനിഷര്‍ റോളിലേക്ക് കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കാനാവും ചെന്നൈ ശ്രമിക്കുകയെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക