ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഗൗതം ഗംഭീര്‍. ഇന്ത്യയെ രണ്ട് ലോകകപ്പുകളില്‍(2007 ടി20, 2011 ഏകദിനം) ജേതാക്കളാക്കിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഗംഭീര്‍. ശ്രീലങ്കയ്‌ക്കെതിരെ 2011 ലോകകപ്പ് ഫൈനലില്‍ ഗംഭീര്‍ നേടിയ 97 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 

ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ സംഭാവനകള്‍ നല്‍കിയ ഗംഭീറിന്‍റെ പരിമിത ഓവര്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെട്ട് പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ രംഗത്തെത്തി. 2012ലെ പരമ്പരയില്‍ തന്നെ നേരിടാന്‍ ബുദ്ധിമുട്ടിയതോടെ ഗംഭീറിന്‍റെ കരിയര്‍ അവസാനിച്ചു എന്ന് ഇര്‍ഫാന്‍ പറയുന്നു. ഏകദിന- ടി20 പരമ്പരകളിലായി നാല് തവണ ഏഴടി ഒരിഞ്ച് ഉയരക്കാരനായ ഇര്‍ഫാന് മുന്നില്‍ ഗംഭീര്‍ പുറത്തായിരുന്നു. 

'ഇന്ത്യന്‍ താരങ്ങള്‍ തനിക്കെതിരെ പ്രയാസപ്പെട്ടാണ് കളിച്ചത്. തന്‍റെ ഉയരം കാരണം പന്തുകള്‍ കൃത്യമായി കാണുന്നില്ലെന്നും വേഗത മനസിലാക്കാനും കഴിയുന്നില്ലെന്ന് ചില താരങ്ങള്‍ എന്നോട് പറഞ്ഞു. തന്നെ നേരിടാന്‍ ഗംഭീര്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. തന്നെ കാണുന്നതുപോലും അദേഹം ഒഴിവാക്കിയിരുന്നു. 2012ലെ പരമ്പരയില്‍ നാല് തവണ ഗംഭീറിനെ പുറത്താക്കിയതോടെ ഗംഭീറിന്‍റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഗംഭീറിന്‍റെ പരിമിത ഓവര്‍ കരിയര്‍ അവസാനിപ്പിച്ചത് താനാണ്. പരമ്പരയ്‌ക്ക് ശേഷം ഗംഭീറിന് ഏറെ മത്സരങ്ങള്‍ കളിക്കാനായില്ല' എന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. 

പാക്കിസ്ഥാനെതിരായ പരമ്പരയ്‌ക്ക് ശേഷം 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിന സീരിസില്‍ മാത്രമാണ് ഗൗതം ഗംഭീറിന് അവസരം ലഭിച്ചത്. ടി20യില്‍ പിന്നീട് കളിക്കാനുമായില്ല. ഇന്ത്യക്കായി 147 ഏകദിനം കളിച്ച ഗംഭീര്‍ 11 സെഞ്ചുറികളും 34 അര്‍ധ ശതകങ്ങളും സഹിതം 5,238 റണ്‍സ് നേടി. 37 ടി20കളിലും പാഡണിഞ്ഞ ഗംഭീര്‍ 932 റണ്‍സും നേടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഗംഭീര്‍ വിരമിച്ചിരുന്നു.