ലോകകപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ തന്നെക്കാൾ ടീമിൽ ഇടം അർഹിച്ചത് ഇഷാൻ കിഷൻ തന്നെയിരുന്നുവെന്ന് സഞ്ജു പറഞ്ഞു.
ചെന്നൈ: ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യൻ ടീമിലെ തന്‍റെ സ്ഥാനം ഇഷാൻ കിഷന് വഴിമാറിക്കൊടുക്കേണ്ടി വന്നതിനെക്കുറിച്ചും, ആ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചും ആദ്യമായി തുറന്നുപറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. സിഎസ്കെയുടെ ഔദ്യോഗിക പോഡ്‌കാസ്റ്റിൽ അഭിനവ് മുകുന്ദിനോട് സംസാരിക്കവെയാണ് സഞ്ജു തന്‍റെ കരിയറിലെ വൈകാരിക നിമിഷങ്ങളെക്കുറിച്ച് സഞ്ജു മനസുതുറന്നത്.

ലോകകപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ തന്നെക്കാൾ ടീമിൽ ഇടം അർഹിച്ചത് ഇഷാൻ കിഷൻ തന്നെയിരുന്നുവെന്ന് സഞ്ജു പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ, ഇഷാൻ കിഷൻ പൊടുന്നനെ എവിടെ നിന്നോ ടീമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലായിരുന്നു അവൻ. മുഷ്താഖ് അലി ട്രോഫിയിൽ അവൻ ടീമിനെ ചാമ്പ്യന്മാരാക്കി. നമ്മൾ എപ്പോഴും നമ്മളെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ, പക്ഷേ ടീമില്‍ സ്ഥാനം നിലനിര്‍ത്താൻ ഞാന്‍ കഠിനാധ്വാനം ചെയ്തതുപോലെ ഇഷാനും അത്രത്തോളം കഠിനാധ്വാനം ചെയ്തിരുന്നു. രണ്ട് വര്‍ഷമായി ടീമിന്‍റെ പരിഗണനയിലേ ഇല്ലാതിരുന്നിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി കഠിനാധ്വാനം ചെയ്താണ് അവന്‍ തിരിച്ചെത്തിയത്. ടീമിലെ എന്‍റെ സ്ഥാനം അവൻ ലക്ഷ്യം വെക്കുന്നുണ്ടെന്ന് എനിക്ക് അന്ന് തന്നെ തോന്നിയിരുന്നു. അത് ക്യാമറക്ക് മുന്നില്‍ പറയുന്നതിന് എനിക്ക് യാതൊരു മടിയുമില്ല.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ഇഷാൻ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് ലോകകപ്പ് പ്ലേയിംഗ് ഇലവനിലെ തന്‍റെ സാധ്യതകൾ ഇല്ലാതാക്കിയതെന്ന് സഞ്ജു പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് ഇഷാന്‍ സെഞ്ച്വറി നേടിയപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ. അവൻ ഇത് നിന്നേക്കാൾ അർഹിക്കുന്നു. നിനക്ക് അവസരങ്ങൾ ലഭിച്ചു, പക്ഷേ നീ അത് മുതലാക്കിയില്ല, എന്നാൽ ഫോമിന്റെ കൊടുമുടിയിലുള്ള ഒരാൾ മുന്നിലുണ്ട്'. മുഷ്താഖ് അലി ട്രോഫി കഴിഞ്ഞ്, അവിടെയെത്താൻ വേണ്ടതെല്ലാം കൃത്യമായി ചെയ്ത ശേഷം ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവൻ ഒരു സെഞ്ച്വറിയും നേടി. അതുകൊണ്ട് സഞ്ജു, നീ അത് വിട്ടേക്കു എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.
ലോകകപ്പിന്റെ ആദ്യ പകുതിയിൽ ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്‍റെ വിധി. എന്നാൽ ഇടംകൈയന്‍മാരായ ഇന്ത്യൻ ഓപ്പണര്‍മാരെ എതിരാളികൾ പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് പൂട്ടിയപ്പോള്‍ ടീം മാനേജ്‌മെന്‍റ് സഞ്ജുവിനെ ഒടുവില്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് സഞ്ജു തെളിയിച്ചു. ലോകകപ്പിലെ വെറും 5 ഇന്നിംഗ്‌സുകളിൽ നിന്നായി 320-ലധികം റൺസ് അടിച്ചുകൂട്ടിയ സഞ്ജു വെര്‍ച്വര്‍ ക്വാർട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും സെമിയിലും ഫൈനലിലും ടീമിന്‍റെ ടോപ് സ്കോററായി. ഇന്ത്യ ലോകകിരീടം നിലനിർത്തിയപ്പോൾ ടൂർണമെന്‍റിലെ മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു.
