ഞാനൊരിക്കും പാകിസ്ഥാന്‍ ടീമിനെ ഇങ്ങനെ വിശേഷിപ്പിച്ചിട്ടില്ല എന്ന് ഓസീസ് ഇതിഹാസത്തിന്‍റെ വിശദീകരണം
സിഡ്‌നി: ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയോട് വൈറ്റ്‌വാഷ് ചെയ്യപ്പെട്ട പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഏറ്റവും മോശം ഏഷ്യന്‍ ടീം എന്ന് താന്‍ വിശേഷിപ്പിച്ചിട്ടില്ലെന്ന് ആദം ഗില്‍ക്രിസ്റ്റ്. തന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. ഏഷ്യയിലെ മികച്ച ടീമുകളിലൊന്നാണ് പാകിസ്ഥാന്‍ എന്നും ഓസീസ് വിക്കറ്റ് കീപ്പിംഗ് ഇതിഹാസം വ്യക്തമാക്കി.
അടുത്തിടെ ഓസ്ട്രേലിയ വേദിയായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 0-3ന് തോല്‍വി വഴങ്ങിയിരുന്നു. ആതിഥേയരായ ഓസ്ട്രേലിയ പെര്‍ത്തിലെ ആദ്യ ടെസ്റ്റ് 360 റണ്‍സിനും മെല്‍ബണിലെ രണ്ടാം അങ്കം 79 റണ്‍സിനും സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ് 8 വിക്കറ്റിനും വിജയിക്കുകയായിരുന്നു. ഇതോടെയാണ് ഓസ്ട്രേലിയന്‍ സാഹചര്യങ്ങളിലെ ഏറ്റവും മോശം ഏഷ്യന്‍ നിര എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ആദം ഗില്‍ക്രിസ്റ്റ് വിശേഷിപ്പിച്ചതായി വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ 35 വര്‍ഷത്തില്‍ കങ്കാരുക്കളുടെ നാട്ടില്‍ പാകിസ്ഥാന്‍ ടെസ്റ്റ് മത്സരം ജയിച്ചിട്ടുണ്ടോ എന്ന് ഗില്ലി ചോദിച്ചതായും അദേഹത്തിന്‍റെ പേരില്‍ പ്രചരിച്ച പ്രസ്‌താവനയിലുണ്ടായിരുന്നു.
എന്നാല്‍ ഈ വാക്കുകളെല്ലാം തള്ളിക്കളയുകയാണ് ആദം ഗില്‍ ക്രിസ്റ്റ്. ഞാനൊരിക്കും പാകിസ്ഥാന്‍ ടീമിനെ ഇങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. ഇത് ആരോ കൃത്രിമമായി സൃഷ്ടിച്ച വ്യാജ പ്രസ്താവനയാണ്. പാകിസ്ഥാന്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. ലോക ചാമ്പ്യന്‍മാരായ ഓസീസിനെതിരെ അവര്‍ ഒന്നോ രണ്ടോ ടെസ്റ്റില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചു എന്നും ട്വിറ്ററിലൂടെ ഗില്ലി വിശദീകരിച്ചു. പെര്‍ത്തില്‍ 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി നേരിട്ടിട്ടും മെല്‍ബണ്‍, സിഡ്‌നി ടെസ്റ്റുകളില്‍ പാകിസ്ഥാന്‍ പൊരുതിയിരുന്നു എന്നാണ് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ പാകിസ്ഥാന് തുടര്‍ച്ചയായി 17 തോല്‍വികളായി.
Read more: മൂന്ന് മാറ്റമുറപ്പ്, അപ്പോഴും സഞ്ജു സാംസണ്‍ ആ ഭാഗത്തേക്ക് നോക്കണ്ട; രണ്ടാം ട്വന്‍റി20 സാധ്യതാ ടീം
