തങ്ങള്‍ ഒരുമിച്ച് കളിക്കുമ്പോഴാണ് മികച്ച കളിക്കാരാവുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ഞാനില്ലെങ്കില്‍ അവനോ അവനില്ലെങ്കില്‍ ഞാനോ ഇത്രയും അപകടകാരികളായ ബൗളര്‍മാരാകില്ലെന്നത് ഉറപ്പാണ്.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരമ്പരയുടെ താരങ്ങളായി തെര‍ഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ സ്പിന്‍ ജോഡിയായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരുന്നു. നാലു ടെസ്റ്റില്‍ നിന്ന് അശ്വിന്‍ 25 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 22 വിക്കറ്റെടുത്തു. അവസാന ടെസ്റ്റ് സമനിലയായശേഷം ഇവരുരും തങ്ങളുടെ ബൗളിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് വിശദീകരിച്ചു.

തങ്ങള്‍ ഒരുമിച്ച് കളിക്കുമ്പോഴാണ് മികച്ച കളിക്കാരാവുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ഞാനില്ലെങ്കില്‍ അവനോ അവനില്ലെങ്കില്‍ ഞാനോ ഇത്രയും അപകടകാരികളായ ബൗളര്‍മാരാകില്ലെന്നത് ഉറപ്പാണ്. അത് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ഞാനത് ശരിക്കും തിരിച്ചറിയുന്നുണ്ട്. അവനൊപ്പം പന്തെറിയുമ്പോള്‍ എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. അതിനവന് ക്രെഡിറ്റ് കൊടുത്തേ മതിയാവു. ഡല്‍ഹി ടെസ്റ്റില്‍ അവന്‍ മനോഹരമായാണ് പന്തെറിഞ്ഞത്. അതുകൊണ്ടാണ് നമ്മള്‍ പരമ്പരനേടി ഇവിടെ നില്‍ക്കുന്നത്-അശ്വിന്‍ പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി: റണ്‍വേട്ടയില്‍ മുന്നില്‍ ഓസീസ് താരം; വിക്കറ്റ് കൊയ്ത്തില്‍ അശ്വിന്‍ തന്നെ

അഹമ്മദാബാദ് ടെസ്റ്റില്‍ മോശം ഷോട്ട് കളിച്ച് പുറത്തായതില്‍ ജഡേജ ശരിക്കും അസ്വസ്ഥനായിരുന്നുവെന്നും അശ്വിന്‍ പറ‍ഞ്ഞു. സാധാരണ കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് അവന്‍ അധികം ആലോചിച്ച് ഇരിക്കാറില്ല. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ മോശം ഷോട്ട് കളിച്ച് പുറത്തായശേഷം അവന്‍ ഒരു മണിക്കൂറോളം ഒറ്റക്ക് ഇരുന്നു. മോശം ഷോട്ട് കളിച്ച് പുറത്തായതില്‍ താന്‍ തീര്‍ത്തും നിരാശനാണെന്ന് അവന്‍ എന്നോട് പറയുകയും ചെയ്തു-അശ്വിന്‍ പറ‍ഞ്ഞു.

അശ്വിനൊപ്പം പന്തെറിയുന്നത് ആസ്വദിക്കുന്നുവെന്ന് ജഡേജ പറഞ്ഞു. ഓരോ പന്തറിയുമ്പോഴും എവിടെ എങ്ങെന എറിയണമെന്നും ഓരോ ബാറ്റര്‍ക്കെതിരെയും എങ്ങനെ പന്തെറിയണമെന്നും എങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്യണമെന്നുമൊക്കെ അശ്വിന്‍ പറയും. പരമ്പരയില്‍ എന്‍റെ ബാറ്റിംഗ് പ്രകടനത്തില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ എനിക്കായില്ല. പ്രത്യേകിച്ച് അഹമ്മദാബാദില്‍. അത് മറികടക്കാന്‍ ശ്രമിക്കുമെന്നും ജഡേജ പറഞ്ഞു.