മുംബൈ: എം എസ് ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍താരം കെ ശ്രീകാന്ത്. താന്‍ ധോണിയുടെ കടുത്ത ആരാധകനാണെന്നും അദേഹത്തില്‍ വിശ്വാസമർപ്പിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. 

'ധോണി ഇന്ത്യന്‍ ടീമിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞത് എല്ലാം ചരിത്രമാണ്. ടി20 ലോകകപ്പ് കളിക്കാന്‍ ധോണിക്ക് മുന്നില്‍ ചെറിയ സാധ്യത മാത്രമേയുള്ളൂ. ദേശീയ സെലക്ടർ സുനില്‍ ജോഷിയല്ല ഞാന്‍, അതിനാല്‍ തീരുമാനം എടുക്കേണ്ടത് ഞാനല്ല. ഞാന്‍ ധോണിയുടെ വലിയ ആരാധകനാണ്. ധോണിയെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഐപിഎല്‍ നടന്നില്ലെങ്കില്‍ ടീമില്‍ ഇടംപിടിക്കുക ധോണിക്ക് വലിയ വെല്ലുവിളിയാകും' എന്നും അദേഹം പറഞ്ഞു. 

'ഐപിഎല്‍ ഉടന്‍ നടക്കില്ലെങ്കില്‍, ടീം ഇന്ത്യ ടി20 ലോകകപ്പിന് നേരിട്ട് യാത്രയാകുകയാണെങ്കില്‍ ധോണിയെ എങ്ങനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തും എന്നറിയില്ല. രാജ്യത്തിനായി ഏറെക്കാലം കളിച്ചു എന്നതാണ് ധോണിക്ക് അനുകൂലമായ ഏക ഘടകം. എന്നാല്‍ നിലവിലെ സാഹചചര്യം പ്രവചനാതീതമാണ്. ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക സെലക്ടർമാർക്ക് വലിയ വെല്ലുവിളിയാകും. ധോണി മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കുകയും ഇന്ത്യ ലോകകപ്പ് നേടാതിരിക്കുകയും ചെയ്താല്‍ ടീമും സെലക്ടർമാരും രൂക്ഷ വിമർശനം നേരിടേണ്ടിവരും' എന്നും ശ്രീകാന്ത് പറഞ്ഞു. 

കഴിഞ്ഞ വർഷം ജൂലൈയില്‍ അവസാനിച്ച ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല. ഐപിഎല്ലിലൂടെ ധോണി കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊവിഡ് മഹാമാരി മൂലം സീസണ്‍ തുടങ്ങാന്‍ വൈകുന്നത് ധോണിയുടെ കരിയറിന് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും നീലക്കുപ്പായത്തില്‍ ധോണിയുടെ തിരിച്ചുവരവ് എന്ന് ടീം സെലക്ടർമാർ നേരത്തെ സൂചിപ്പിച്ചിരുന്നു. 

Read more: 'എനിക്ക് വട്ടാണെന്നാണോ നീ കരുതുന്നത്'; ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്ത് കുല്‍ദീപ് യാദവ്