പെര്‍ത്ത്: ഇന്ത്യന്‍ പേസ് ത്രയമായ ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും എതിരാളികളുടെ പേടി സ്വപ്നമായിട്ട് രണ്ട് വര്‍ഷമായി. 2018 ല്‍ ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര അരങ്ങേറിയശേഷം ഇന്ത്യയുടെ പേസ് ആക്രമണനിര ലോകോത്തരമായി. ഇതോടെ പേസ് പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താമെന്ന എതിരാളികളുടെ പദ്ധതികളും പാളി.

കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യയുടെ പേസ് ത്രയത്തിന്റെ മികവ് ലോകം കണ്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ അതില്‍ പേസര്‍മാരുടെ പങ്ക് വളരെ വലുതായിരുന്നു. പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരെ നേരിടാന്‍ തനിക്ക് ശരിക്കും പേടിയായിരുന്നുവെന്ന് തുറന്നുപറയുകയാണ് ഓസീസ് ഓപ്പണറായിരുന്ന മാര്‍ക്കസ് ഹാരിസ്.

പെര്‍ത്ത് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യ ഇന്നിംഗ്സില്‍ 326 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് കോലിയുടെ(123)സെഞ്ചുറിയുണ്ടായിട്ടും 283 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓസീസിനായി ആരോണ്‍ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മാര്‍ക്കസ് ഹാരിസ് ആദ്യ ഇന്നിംഗ്സില്‍ 70 റണ്‍സടിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോള്‍ ശരിക്കും പേടിച്ചുപോയെന്ന് മാര്‍ക്കസ് ഹാരിസ് പറഞ്ഞു.

പെര്‍ത്തിലെ അതിവേഗ വിക്കറ്റില്‍ ഇഷാന്ത്, ബുമ്ര, ഷമി, ഉമേഷ് എന്നിവരെ നേരിടുക എന്നത് എന്നെ ശരിക്കും ഭയപ്പെടുത്തി. ടിവിയില്‍ കാണുമ്പോള്‍ നിങ്ങള്‍ക്കത് വളരെ എളുപ്പമായി തോന്നും. എന്നാല്‍ മൈതാന മധ്യത്തില്‍ നില്‍ക്കുമ്പോള്‍ അതല്ല അവസ്ഥ. ശരിക്കും പേടിയോടെയാണ് നിന്നിരുന്നത്-ഹാരിസ് പറഞ്ഞു.

ഇന്ത്യന്‍ ബൗളറുടെ ബൗണ്‍സര്‍ ഹാരിസിന്റെ ഹെല്‍മറ്റില്‍ ഇടിച്ചിരുന്നു. ഹാരിസിന്റെ സഹ ഓപ്പണറായ ഫിഞ്ച് കൈയില്‍ പന്ത് കൊണ്ട് പരിക്കേറ്റ് മടങ്ങി. 56 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ഷമിയായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി തിളങ്ങിയത്. എന്നാല്‍ ഉസ്മാന്‍ ഖവാജയുടെ ബാറ്റിംഗ് മികവില്‍ 243 റണ്‍സെടുത്ത ഓസീസ് ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ 140 റണ്‍സിന് പുറത്താക്കി 146 റണ്‍സിന്റെ വിജയം സ്വന്തമാക്കി.